സ്വീപ്പറുടെ തീരുമാനങ്ങളിലെ വിലയറിയാത്ത വെള്ളക്കോളർ സർക്കാർ ഉദ്യോഗസ്ഥൻ

ഗ്ലിന്റ് ഗുരു
Sat, 29-06-2019 07:52:19 PM ;

പൊതു മൂത്രപ്പുരകൾ ഒഴികെ മറ്റൊരു സ്ഥാപനങ്ങളും പൊതു മൂത്രപ്പുരകൾ അല്ല. അതേ സമയം ഏതു മൂത്രപ്പുരയും ഒഴിവാക്കാൻ പറ്റാത്ത അവസരത്തിൽ ആർക്കും ഉപയോഗിക്കാവുന്നതാണ്. അതിനുള്ള കാ. 2019 ജൂൺ 28 ന്കൊച്ചിയിൽനിന്ന് ഇരിങ്ങാലക്കുട യിലേക്ക് ഡ്രൈവ് ചെയ്തു പോകുന്ന ഒരു യാത്രികൻ. ഇരിങ്ങാലക്കുട ജംഗ്ഷനിൽ എത്തിയപ്പോൾ അയാൾക്ക് മൂത്രമൊഴിക്കാൻ മുട്ടി.നിയന്ത്രണം വിട്ടു പോകുമെന്ന അവസ്ഥ. സൗകര്യപ്രദമായി പാർക്ക് ചെയ്യാൻ റോഡ്സൈഡിൽ സ്ഥലവും കാണുന്നില്ല .

       സിവിൽ സ്റ്റേഷൻ ദിശയിലേക്ക് അയാൾ തിരിഞ്ഞു. അല്പം അകലെ ഏതാനും കാറുകൾ പാർക്ക് ചെയ്തിരിക്കുന്നു. അത്യാവശ്യം ഇടവും ഉണ്ട് .ഇടതുവശത്ത് നോക്കിയപ്പോൾ വിശാലമായ മുറ്റത്തോടു കൂടിയ ഗവൺമെണ്ട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗ് എന്ന  സ്ഥാപനം. വാഹനം നിർത്തി വെപ്രാളത്തിൽ  സ്ഥാപനത്തിന് അകത്തേക്ക് പ്രവേശിച്ചു. സമയം രാവിലെ 10.20. ഓഫീസിനു മുന്നിൽ മുറ്റമടിക്കുന്ന  യുവതി .അവരോട് കാര്യം പറഞ്ഞു .യാത്രികന്റെ അവസ്ഥ ഭാവത്തിലൂടെ പ്രകടമാക്കിയ അവർ മൂത്രപ്പുര ഓസീസിനുള്ളിലാണെന്നറിയിച്ചു.തുടർന്ന് യാത്രികനെയും കൂട്ടി അവർ ഓസീസിന്റെ നേർക്കു നീങ്ങി.

ഓഫീസിൻറെ മുൻവശത്തെ വാതിലിന് ഇടതുവശത്തുള്ള ജനലിനുള്ളിൽ ഒരു ഉദ്യോഗസ്ഥൻ ഇരിക്കുന്നു. വെളിയിൽ നിന്നുകൊണ്ട് യുവതി യാത്രികന്റെ ധർമ്മസങ്കടം ബോധിപ്പിച്ചു.  വളരെ കർക്കശമായ ഭാഷയിൽ അദ്ദേഹം പറഞ്ഞു "ഇവിടെ അടുത്ത് മുനിസിപ്പാലിറ്റി ഉണ്ട്. അവിടെ പോയാമതി. തൻറെ അവസ്ഥ ആവുന്നത്ര യാത്രികൻ ആവർത്തിച്ചു. ഔദാര്യം നിഷേധിക്കുന്ന ഔദ്യോഗിക ഭാവത്തിൽ അദ്ദേഹം ഉള്ളിലെ മൂത്രപ്പുര ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ചു. യാത്രികനെ കൂട്ടി വന്ന  യുവതി അദ്ദേഹത്തിൻറെ മുഖത്തും യാത്രികന്റെ മുഖത്തും ദയനീയമായി നോക്കുന്നുണ്ടായിരുന്നു .

       യാത്രികന് ഏതാണ്ട് സമനില പോകുമെന്ന അവസ്ഥ.  കണ്ണുകൾ കാണാത്ത പോലെ. പെട്ടെന്ന് പുറത്തിറങ്ങി റോഡ് മുറിച്ചു കടന്നു .എതിർവശത്ത് പണി നടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന്റെ പറമ്പ്. അതിൻറെ പിൻവശത്തേക്കോടി കാര്യം സാധിച്ചു.  മടങ്ങി വരുമ്പോഴാണ് താൻ എത്രമാത്രം ക്ലേശിച്ചുവെന്ന് തിരിച്ചറിഞ്ഞത് .

       റോഡരികിലെത്തി ഫാഷൻ ഡിസൈനിങ് സ്കൂളിൽ കേന്ദ്രത്തിന്റെ ബോർഡ് വായിച്ചു .ടെക്നിക്കൽ എഡ്യൂക്കേഷൻ വകുപ്പിൻറെ കീഴിലുള്ളതാണ് സ്ഥാപനം. അതിൻറെ ഒരു ഫോട്ടോ എടുത്തു . അത് കണ്ടു അവിടെ നിന്ന ഒരാൾ യാത്രികന് സമീപമെത്തി.

കുട്ടൻ; ടാക്സി ഡ്രൈവർ. വളരെ സ്നേഹത്തോടെ ചിരിച്ചുകൊണ്ട് അദ്ദേഹം യാത്രികനോടു ചോദിച്ചു "എന്താ പ്രശ്നം .പെട്ടെന്ന് അങ്ങോട്ട് പോയിട്ട് വല്ലാത്ത രീതിയിൽ  ഓടിവരുന്ന കണ്ടല്ലോ. എന്തുപറ്റി " . അദ്ദേഹത്തോട് യാത്രികൻ കാര്യം പറഞ്ഞു ."അതിനു അവിടെയൊക്കെ പോയി ചോദിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ . അങ്ങോട്ട് ആ റോഡിൽ മാറി നിന്നു നടത്താവുന്നതല്ലേ ഉണ്ടായിരുന്നുള്ളു. " ഇടവഴിയിലേക്കു ചൂണ്ടി കൊണ്ട് കുട്ടൻ.

പിന്നീടദ്ദേഹം തുടർന്നു.

"സാറ് ഈനാട്ടിൽ ഒന്നും അല്ലേ. താമസിക്കും സർക്കാർ ഓഫീസ് അല്ലേ അത് .അതവരുടെ സ്വഭാവമല്ലേ. ഏതെങ്കിലും ഒരു കാര്യം അവിടെ പോയാ സാധിച്ചു കിട്ടുമോ. ഇതൊക്കെ  മനുഷ്യത്വമുള്ള മനുഷ്യന്മാർക്കേ  മനസ്സിലാവു " അദ്ദേഹം ചിരിച്ചു കൊണ്ടു  പറഞ്ഞു നിർത്തി. ഒരു നിസ്സാരകാര്യത്തിന് ഇത്രയും ബുദ്ധിമുട്ടേണ്ടി വരുന്നില്ലല്ലോ എന്ന ഭാവവും അദ്ദേഹത്തിൻറെ ചിരിയിലും സംഭാഷണത്തിലും ഉണ്ടായിരുന്നു .

      അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ മറ്റൊരു ചിത്രം യാത്രികന്റെ മനസ്സിൽ പൊന്തി.ഒരുപക്ഷേ 100 രൂപ നോട്ട് കാണിച്ചുകൊണ്ട് മൂത്രമൊഴിക്കാൻ അനുവാദം ചോദിച്ചിരുന്നുവെങ്കിൽ .......... കുട്ടന്റെ സ്വരത്തിൽ ഒരു ജനതയുടെ സർക്കാർ ഓഫീസിനെ കുറിച്ചിട്ടുള്ള ധാരണയുടെ പ്രതിഫലനമായിരുന്നു.  ഇത്രയും മനുഷ്യത്വമില്ലാത്ത വ്യക്തികൾ ഉള്ള  സർക്കാർ ഓഫീസിൽ എങ്ങനെ സേവനം ലഭ്യമാകും. സർവീസിൽ പ്രവേശിക്കുന്ന നല്ലൊരു ശതമാനം ജീവനക്കാരും ഈ മനുഷ്യത്വമില്ലായ്മ ആണ് പലരീതിയിൽ പ്രകടമാക്കുന്നത്. അതുകൊണ്ടാണ് ഇക്കൂട്ടർക്ക് നിർദ്ദയം കൈക്കൂലി വാങ്ങാൻ കഴിയുന്നതും അത് കൊടുത്തില്ലെങ്കിൽ ജനങ്ങളെ കഷ്ടപ്പെടുത്താൻ മടി ഇല്ലാത്തതും. ഒരു വ്യക്തിയുടെ തീവ്രമായ മൂത്രശങ്ക തിരിച്ചറിയാൻ കഴിയാത്ത ഒരു ദ്യോഗസ്ഥന് ഒരു ഫയലിൽ എങ്ങനെ മറ്റൊരു വ്യക്തിയുടെ ജീവിതം കാണും.

   നമ്മുടെ വിദ്യാഭ്യാസവും സംസ്കാരവും തമ്മിലുള്ള ബന്ധവും ഈ ഉദ്യോഗസ്ഥ നിലൂടെ പ്രകടമാകുന്നുണ്ട്. മനുഷ്യത്വത്തിലേക്ക് ചേർന്നുനിൽക്കുന്ന  സംസ്കാരത്തിൻറെ അളവ് കൂടുതൽ പ്രകടമാകുന്നത് വിദ്യാഭ്യാസം കുറഞ്ഞവരിൽ ആണെന്നും മുറ്റമടിക്കുന്ന യുവതിലൂടെയും വ്യക്തമാക്കുന്നു.