സ്നേഹ സദനം

ഗ്ലിന്റ് ഗുരു
Thu, 06-06-2019 12:04:05 PM ;

SHORT STORY  വെള്ളിയാഴ്ച വൈകിട്ട് ആയാൽ രമേശനും രമണിക്കും ഓഫീസിൽനിന്ന് വീട്ടിലെത്തി വൻ തിരക്കാണ് .ഒരാഴ്ചത്തെ മുഷിഞ്ഞ വസ്ത്രങ്ങൾ മുഴുവൻ വാഷിംഗ് മെഷീനിൽ കയറ്റണം. വീട് മുഴുവൻ അടിച്ചു വാരണം. ജനാലകളും മറ്റും തുടയ്ക്കണം. എന്ന് വേണ്ട ശനിയും ഞായറും ചെയ്യേണ്ട ജോലികൾ മുഴുവൻ രാത്രി ചെയ്തുതു തീർക്കും. ചിലപ്പോൾ കിടക്കുമ്പോൾ അർധരാത്രി കഴിഞ്ഞ് രണ്ടും മൂന്നും മണിവരെ ആയ സന്ദർഭങ്ങളുണ്ട്. എന്നിരുന്നാലും അവർ ശനിയാഴ്ച രാവിലെ നേരം വെളുത്തു തുടങ്ങുമ്പോൾ തന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങും. ചിലപ്പോൾ ഏതെങ്കിലും മാളുകളിൽ ചെലവഴിക്കും. അതല്ലെങ്കിൽ വെറുതെ ഇരിക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ പോയി ചെലവഴിക്കും.എന്തായാലും ആറുമണി കഴിഞ്ഞ് അല്ലാതെ അവർ വീട്ടിൽ എത്തില്ല. ഞായറാഴ്ചയും അതുപോലെതന്നെ.

രമേശന്റെയും രമണിയുടെയും ചില ബന്ധുക്കളും സുഹൃത്തുക്കളും ഇവരുടെ വീട്ടിലേക്ക് വരണമെന്ന് ആഗ്രഹമറിയിച്ചാൽ അവർ ശനിയും ഞായറും ഒഴികെയുള്ള ഏതെങ്കിലും ദിവസം വരാനാണ് പറയുക. ശനിയും ഞായറും ഇവർ പതിവായി വീട്ടിൽനിന്ന് മുങ്ങുന്നത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ദുരൂഹമായി. ഈ ദുരൂഹതയെ കുറിച്ച് ഒട്ടേറെ ഊഹാപോഹങ്ങളും പരന്നു . ദാനശീലനും  അതിഥിസൽക്കാരപ്രിയനും ആയിരുന്ന രമേശനിൽ വന്ന മാറ്റത്തിന്റെ പിന്നിൽ നിഗൂഡമായ എന്തൊക്കെയോ ഉണ്ടെന്നും അത് അവരെ ഏതോ ദുർമന്ത്രവാദക്കാരുടെ സങ്കേതത്തിലെ ച്ചെന്നു വരെ അഭ്യൂഹങ്ങൾ പരന്നു.വെള്ളിയാഴ്ച രാത്രിയിൽ ഇവർ രണ്ടു പേരും ഉറങ്ങാറില്ലെന്നുളളത് ചില അയൽക്കാർ സാക്ഷ്യപ്പെടുത്തി.

അതാണ് ദുർമന്ത്രവാദിഭിമുഖ്യത്തിനു കൂടുതൽ പ്രചാരം കിട്ടിയത്. എങ്കിലും രമേശന്റെ മാറ്റത്തിൽ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും മനപ്രയാസമുണ്ടായി.  ഒരു സുഹൃത്ത് സ്വകാര്യമായി രമേശനോട് കാര്യം തിരക്കി .തൻറെ സുഹൃത്തുക്കളുടെ ഇടയിൽ പരക്കുന്ന അഭ്യൂഹങ്ങളെ കുറിച്ചും സുഹൃത്ത് രമേശനെ ധരിപ്പിച്ചു .രമേശൻ പറഞ്ഞു. " എനിക്ക് ഫ്ലാറ്റ് വാങ്ങുന്നതിന് ആയിരുന്നു താല്പര്യം. എന്നാൽ രമണിയുടെ ജീവിത സ്വപ്നമായിരുന്നു കുറച്ച് സ്ഥലം വാങ്ങി ഒരു വീട് വയ്ക്കുക. അങ്ങനെയാണ് ഞങ്ങൾ നഗരത്തിൽ കുറച്ചു സ്ഥലം സംഘടിപ്പിച്ചു വീട് വച്ചത് .എന്തുചെയ്യാം ശനിയും ഞായറും വീട്ടിൽ ഇരിക്കാൻ പറ്റില്ല. രാവിലെ ആറുമണി മുതൽ ആൾക്കാർ വന്ന് ബെല്ലടിക്കും . അലിവാർന്ന ചിരിയോടുകൂടിയ മുഖത്തോടെ അവർ ഞങ്ങൾ സ്നേഹസദനം വൃദ്ധമന്ദിരത്തിൽ  നിന്നാണെന്ന് പറഞ്ഞ് നോട്ടീസ് നീട്ടും.

ചിലപ്പോൾ അഞ്ച് മിനിറ്റ് ഇടവേളയിൽ പോലും ഇത്തരത്തിലുള്ള സ്നേഹസദനംകാർ വരും.ആദ്യകാലത്ത് വലിയ തുക കൊടുക്കമായിരുന്നു.പിന്നെ താങ്ങാനാകാതായി. ചെറിയ തുക അവർ വാങ്ങില്ല .അപ്പോൾവൃദ്ധമാതാപിതാക്കളുടെ കഥ പറഞ്ഞ നമ്മളെ കരയിപ്പിക്കും. ചിലപ്പോൾ അവരുടെ പടം കാണിക്കും. ആദ്യമൊക്കെ സ്നേഹത്തോടും സന്തോഷത്തോടും കുടിയാ കൊടുത്തിരുന്ന ത് .പക്ഷേ പിന്നീടങ്ങോട്ട്  ഞങ്ങളിൽ ഒരാൾ മിക്കപ്പോഴും ബെല്ലടി കേട്ട് പുറത്തേക്ക് വരേണ്ട അവസ്ഥയായി.ഞങ്ങളുടെ ബജറ്റിൽ താങ്ങാനാവാത്ത വിധം സംഭാവനയും വേണ്ടിവന്നു.വീട്ടിൽ വരുന്നവരോട് മോശമായി പെരുമാറാനും  വെറുംകൈയോടെ പറഞ്ഞയക്കാനും പറ്റുന്നില്ല. ഇതിനു പുറമേ സ്നേഹസദനം കാരുടെ ഇടവേളകളിൽ ഡോർ ടു ഡോർ സെയിൽസ് കാര് കുട്ടികൾ വരും. തങ്ങൾ എം.ബി.എവിദ്യാർത്ഥികളാണ്.അപ്രണ്ടിന്നുകളാണ് എന്നു പറഞ്ഞ്. വൃദ്ധരുടെ ദീനഭാവം പിരിവുകാരുടെ മുഖത്തുകൂടി കണ്ടാൽ മതി. ആ കുട്ടികളുടേത് സഹിക്കാൻ പറ്റില്ല. അങ്ങനെ ഞങ്ങൾ കണ്ടെത്തിയ വഴിയാണ് ശനിയം ഞായറും വീട്ടിൽ നിന്നും മുങ്ങുക".രമേശൻ പറഞ്ഞുനിർത്തിയപ്പോൾ സുഹൃത്ത് പോക്കറ്റിൽ തപ്പി .രസീതിൽ തൊട്ടു കൊണ്ട് ശോശാമ്മയ്ക്ക് ഇരുന്നൂറ്റിയമ്പതു രൂപ കൊടുക്കാനുള്ളത് ഓർമ്മിച്ചു.

Tags: