അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനായി ഇപ്പോള്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍.ആര്‍.സി) കരടിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി. ഒഴിവാക്കപ്പെട്ടവരുടെ അവകാശങ്ങളും വാദങ്ങളും പരിഗണിക്കണം.
രജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
അസമിലെ എന്‍ആര്‍സി അന്തിമ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ 40 ലക്ഷത്തിലേറെപ്പേര്‍ പുറത്തായിരുന്നു. വര്‍ഷങ്ങളായി രാജ്യത്തു കഴിയുന്ന ഇത്രയേറെ പേരുടെ പൗരത്വം സംശയത്തിന്റെ നിഴലിലായത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴി വച്ചിരിക്കുന്നത്. 3.29 കോടി അപേക്ഷകരില്‍ 2.89 കോടി പേരാണ് ഇതില്‍ ഇടംകണ്ടത്. അവശേഷിക്കുന്ന 40.07 ലക്ഷം പേര്‍ക്കു പൗരത്വം നഷ്ടപ്പെടാനുള്ള സാധ്യതയാണ് സ്ഥിതി ഗുരുതരമാകാന്‍ കാരണം.