ജനങ്ങളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. വ്യക്തികളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയാല്‍ ഇന്ത്യ ഭരണകൂട നിരീക്ഷണമുള്ള രാജ്യമായി (Surveillance State) മാറുമെന്ന് കോടതി പറഞ്ഞു.
സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സോഷ്യല്‍ മീഡിയ ഹബ്ബുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മഹ്വ മോയിത്ര നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തില്‍ സംവിധാനം കൊണ്ടുവരാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നീക്കമുണ്ടായിരുന്നു. ഇതിനെപ്പറ്റി രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ജസ്റ്റിസുമാരായ എ.എം.ഖന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റ് മൂന്നിന് പരിഗണിക്കും.