പെട്രോള്‍-ഡീസല്‍ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇന്ധന നികുതിയില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇന്ധന നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തിന്റെ ഒരുഭാഗം വേണ്ടെന്നു വെക്കാന്‍ തീരുമാനമായത്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം അധിക നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ പറഞ്ഞിരുന്നു. മറ്റന്നാള്‍ മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. എന്നാല്‍ എത്ര രൂപ കുറയുമെന്ന് വ്യക്തമായിട്ടില്ല.
പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് - പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബില്‍ യഥാക്രമം 35.35%, 16.88%. കേരളത്തില്‍ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി.