ബി.ജെ.പിയും പ്രതിപക്ഷവും കര്‍ണാടക തിരഞ്ഞെടുപ്പിനെ കണ്ടത് 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കവാടമായിട്ടാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തെളിയുന്ന ചിത്രം ഇന്ത്യന്‍ ജനായത്ത സംവിധാനത്തിന്റെ അവശേഷിക്കുന്ന ജീവനും അനോരോഗ്യവുമാണ്. ജനായത്ത സംവിധാനം സാമൂഹിക സംവിധാനമായി അംഗീകരിക്കപ്പെടുന്നതും വാഴ്ത്തപ്പെടുന്നതും ധാര്‍മ്മികതകളുടെ പരമാവധി സാധ്യത ഉള്‍ക്കൊള്ളുന്നതിനാലാണ്. അതേസമയം ജനായത്തത്തിന്റെ നിലനില്‍പ്പ് സാങ്കേതികത്വത്തിലുമാണ്. ആ സാങ്കേതികത്വമാണ് മരണശയ്യയിലായാല്‍പോലും ജനായത്ത സംവിധാനത്തെ ജീവിപ്പിക്കുന്നത്.
2018 ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനായത്ത സംവിധാനത്തിന്റെ ധാര്‍മ്മികതയുടെ പൂര്‍ണമായ മരണം വിളിച്ചറിയിക്കുന്നു. ഈ മരണത്തിന്റെ മണിമുഴക്കം ഗോവയിലും മണിപ്പൂരിലും നേരത്തെ കേട്ടിരുന്നു. ജനങ്ങളുടെ ഹിതം നിശ്ചയിക്കുക എന്നതാണ് തിരഞ്ഞെടുപ്പിലെ സാങ്കേതികത്വം. ആ ഹിതമനുസരിച്ച് ജനങ്ങളാല്‍ തഴയപ്പെട്ട രണ്ട് പാര്‍ട്ടികളാണ് കോണ്‍ഗ്രസ്സും ജെ.ഡി.എസ്സും. അവര്‍ തിരഞ്ഞടുപ്പിന് മുമ്പ് പരസ്പരം ചെളിവാരിയെറിഞ്ഞുകൊണ്ടുള്ള മത്സരത്തിലുമായിരുന്നു. കേവല ഭൂരിപക്ഷത്തിനോടടുത്ത് ജനസമ്മതി കിട്ടിയതാകട്ടെ ബി.ജെ.പിക്കും. എന്നാല്‍ സാങ്കേതികമായി ബി.ജെ.പിക്ക് മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് പതിനഞ്ച് ദിവസത്തെ സമയത്തിന്റെ ആനുകൂല്യത്തില്‍ യെദിയൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
ജനായത്ത സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കെതിര് തന്നെയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായിരിക്കുന്ന കോണ്‍ഗ്രസ് ജെ.ഡി.എസ് കൂട്ടുകെട്ട്. അതിനേക്കാള്‍ മുഴുത്ത അധാര്‍മ്മികതയായിപ്പോയി പതിനഞ്ച് ദിവസത്തെ സമയമെടുത്തുകൊണ്ടുള്ള ബി.ജെ.പിയും അധികാര മേല്‍ക്കലും. എതിര്‍ ക്യാമ്പുകളില്‍ നിന്നും എം.എല്‍.എമാരെ വശത്താക്കും എന്ന നിശ്ചയദാര്‍ഢ്യം തന്നെയായിരുന്നു ആ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ തീരുമാനം. അതും അധാര്‍മ്മികമായ വഴിയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമം തന്നെയായിരുന്നു. ആ അധാര്‍മ്മികതയെ തുറന്നുകാട്ടിക്കൊണ്ടുള്ള സുപ്രീം കോടതി ഇടപെടലിലൂടെ ഗവര്‍ണറുടെ പദവിയില്‍ അവശേഷിച്ചിരുന്ന വിശ്വാസ്യതയും ചോര്‍ന്നുപോയി.
ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും പിന്നില്‍ വന്ന രാഷ്ട്രീയ കക്ഷിയുടെ നേതൃത്വത്തിലാണ് മന്ത്രിസഭയുണ്ടാകുന്നത്. ആ മന്ത്രിസഭക്ക് എന്തെല്ലാം ദൗര്‍ബല്യങ്ങള്‍ ഉണ്ടാകുമെന്ന് ആലോചന ഇല്ലാതെ തന്നെ വ്യക്തമാണ്. തിരഞ്ഞെടുപ്പിന് ശേഷം ജനായത്ത ധാര്‍മ്മികതയെ ഒരു നിമിഷം പോലും വൈകാതെ ഉപേക്ഷിക്കാന്‍ തയ്യാറായവര്‍ ഏത് അധാര്‍മ്മികതയ്ക്കും മടിക്കില്ല എന്നുള്ളത് ഉച്ചത്തില്‍ വിളിച്ചു പറയുന്നു. ഇവിടെ ആര്‍ക്കും വിജയം അവകാശപ്പെടാനോ ആഘോഷിക്കാനോ ഉള്ള അവസരമില്ല. മറിച്ച് കഷ്ടിച്ച് സാങ്കേതികത്വത്തിന്റെ പേരില്‍ ജീവന്‍ പോകാതെ കിടക്കുന്ന ജനായത്ത സംവിധാനത്തില്‍ ആശ്വസിക്കാനുള്ള അവസരം മാത്രം.