രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരിയപ്പ സത്യപ്രതിജ്ഞ ചെയ്തു. കര്‍ണാടക രാജ്ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വജുഭായി വാലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. യെദിയൂരപ്പ മാത്രമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുള്ളൂ. നേരത്തെ ബെംഗളൂരു നഗരത്തിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ച് ഒരു ലക്ഷം പേരെ സാക്ഷി നിര്‍ത്തി താന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നായിരുന്നു യെദിയൂരയപ്പ പ്രഖ്യാപിച്ചിരുന്നത്. ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണം സുപ്രീംകോടതി വരെ നീണ്ടതോടെ വളരെ ലളിതമായ ചടങ്ങായി സത്യപ്രതിജ്ഞ മാറുകയായിരുന്നു.
15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെഡിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 104 എംഎല്‍എമാരുടെയും ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണയാണ് ബിജെപിക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കു വേണ്ടത്.
ബി.എസ്.യെദ്യൂരിയപ്പ കേവലഭൂരിപക്ഷത്തിന് ഏഴ്പേരെക്കൂടി എങ്ങനെ കണ്ടെത്തുമെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. 224 അംഗ നിയമസഭയില്‍ 222 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എച്ച്.ഡി കുമാരസ്വാമി ജയിച്ച രണ്ട് സീറ്റുകളില്‍ ഒന്ന് ഒഴിയുമ്പോള്‍ സഭയുടെ അംഗബലം 221. കേവലഭൂരിപക്ഷത്തിന് വേണ്ടത് 111 പേരുടെ പിന്തുണ.