പശുസംരക്ഷണ സംഘങ്ങളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിനും ആറു സംസ്ഥാനങ്ങള്‍ക്കും മറുപടി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസയച്ചു. രാജസ്ഥാന്, മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണ്ണാടക, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ പശു സംരക്ഷകര്‍ എന്നവകാശപ്പെട്ട ആള്‍ക്കൂട്ടം ഒരാളെ കൊന്ന കാര്യം വാദം കേള്‍ക്കവേ ഹര്‍ജി നല്കിയ കോണ്‍ഗ്രസ് പ്രവര്ത്തകന് തെഹ്സീന്‍ പൂനവല്ലയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഇത്തരം സംഘങ്ങളുടെ അക്രമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും സമൂഹത്തെ നശിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിച്ചത് ഹര്‍ജിയില്‍ എടുത്തുപറയുന്നു.
പശു സംരക്ഷണത്തിന്റെ പേരില്‍ ദളിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും എതിരെ അക്രമം നടത്തുകയാണ് ഇത്തരം സംഘങ്ങളെന്നും ഹര്‍ജിയില്‍ പറയുന്നു.