തന്റെ ഫീസ് നല്കാന് ഡല്‍ഹി സര്‍ക്കാറിന് കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വേണ്ടി സൗജന്യമായി വാദിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന് റാം ജേത്മലാനി. പണക്കാരില്‍ നിന്ന് മാത്രമേ താന്‍ നിരക്ക് ഈടാക്കാറുള്ളൂവെന്നും ദരിദ്രരായ കക്ഷികള്‍ക്ക് വേണ്ടി സൗജന്യമായിട്ടാണ് വാദിക്കാറുള്ളതെന്നും പറഞ്ഞ ജേത്മലാനി കേജ്രിവാളിനെ തന്റെ ‘ദരിദ്ര’ കക്ഷികളില്‍ ഒരാളായി കണക്കാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കേജ്രിവാളിനെതിരെ നല്കിയ അപകീര്‍ത്തി കേസില്‍ കേജ്രിവാളിന് വേണ്ടി ഹാജരാകുന്നത് ജേത്മലാനിയാണ്. ഈ കേസില്‍ ജേത്മലാനി അയച്ച 3.8 കോടി രൂപയുടെ ബില്‍ ഡല്‍ഹി മന്ത്രിസഭ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ പരിഗണനയ്ക്ക് അയച്ചിരുന്നു. ബൈജല്‍ ഇതില്‍ വിദഗ്ധ ഉപദേശം തേടിയിരിക്കുകയാണ്.
അരുണ്‍ ജെയ്റ്റ്ലിയാണ് വിവാദത്തിന് പിന്നിലെന്ന് ജേത്മലാനി പറഞ്ഞു. കോടതിയിലെ തന്റെ എതിര്വിസ്താരത്തെ ജെയ്റ്റ്ലി ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.