അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം വൈകാരികവും മതപരവുമായ പ്രശ്നമാണെന്നും ഇതിന് കോടതിയ്ക്ക് പുറത്ത് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കോടതി ഉത്തരവിനെക്കാളും ഇതായിരിക്കും നല്ലതെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ ഹര്‍ജിയില്‍ കോടതി നിരീക്ഷിച്ചു.
അയോധ്യ പ്രശ്നത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിയെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ കേള്‍ക്കാന്‍ ബഞ്ച് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് സ്വാമി ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എസ്.കെ കൗള്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് വാദം കേട്ടത്.
തകര്‍ക്കപ്പെട്ട ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലം പരാതിക്കാര്‍ക്കിടയില്‍ വിഭജിച്ച് നല്‍കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതി വിധി.
അതേസമയം, കോടതിയ്ക്ക് പുറത്ത് വെച്ച് തര്‍ക്കപരിഹാരം ആകുന്നില്ലെങ്കില്‍ കോടതി ഇടപെടുമെന്നും സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി. പരാതിക്കാര്‍ തയ്യാറാണെങ്കില്‍ വ്യക്തിപരമായ തലത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് ഖേഹര്‍ പറഞ്ഞു. പരാതിക്കാരുമായി ആലോചിച്ച് മാര്‍ച്ച് 31-ന് വിവരം അറിയിക്കാന്‍ കോടതി സ്വാമിയോട് ആവശ്യപ്പെട്ടു.
മുഗള്‍ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട ബാബറി മസ്ജിദ് 1992 ഡിസംബര്‍ ആറിന് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തകര്‍ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, എം.എം ജോഷി, ഉമാ ഭാരതി വിനയ് കത്യാര്‍ എന്നിവര്‍ പ്രതികളാണ്.