Skip to main content

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഗോവയിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കത്തില്‍ ബി.ജെ.പിയ്ക്ക് അനുകൂലമായി സുപ്രീം കോടതി വിധി. ബി.ജെ.പി നേതാവ് മനോഹര്‍ പരിക്കര്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. അതേസമയം, വ്യാഴാഴ്ച സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടുണ്ട്.

 

പരിക്കറെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്താണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. എന്നാല്‍, കോണ്‍ഗ്രസിന് ആവശ്യമായ എണ്ണമില്ലാത്തതിനാലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറുടെ മുന്നില്‍ അവകാശവാദം ഉന്നയിക്കാതിരുന്നതെന്ന്‍ ചീഫ് ജസ്റ്റിസ്‌ ജെ.എസ് ഖേഹര്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. മാര്‍ച്ച് 16-ന് രാവിലെ 11 മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.   

 

40 അംഗ സംഭയില്‍ കോണ്‍ഗ്രസിന് 17 സീറ്റാണ് ലഭിച്ചത്.  13 സീറ്റേ ബി.ജെ.പിയ്ക്ക് ഉള്ളൂവെങ്കിലും ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എന്നിവയിലെ മൂന്ന്‍ വീതം എം.എല്‍.എമാരുടെയും രണ്ട് സ്വതന്ത്രരുടേയും പിന്തുണയോടെ കേവല ഭൂരിപക്ഷത്തിന് വേണ്ട 21 പേരുടെ പിന്തുണ ബി.ജെ.പി സമാഹരിച്ചു. എന്‍.സി.പിയുടെ എം.എല്‍.എയും ബി..ജെ.പിയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്

Tags