ഇന്ത്യയുടെ നാല്പത്തി നാലാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ജഗദീഷ് സിങ്ങ് ഖേഹാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ സിഖ് സമുദായാംഗമാണ് ജസ്റ്റിസ് ഖേഹാര്‍. ദൈവനാമത്തില്‍ ഇംഗ്ലീഷിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.
ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഖേഹറിനെ തന്റെ പിന്‍ഗാമിയായി സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ കഴിഞ്ഞ മാസം ശുപാര്‍ശ ചെയ്തിരുന്നു. 64 കാരനായ ഖേഹറിനു ആഗസ്ത് 27 വരെ ഏഴുമാസമാണ് ചീഫ് ജസ്റ്റിസ് സ്ഥാനം വഹിക്കാന്‍ കഴിയുക.
ജഡ്ജിമാരെ നിയമിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് തള്ളിയ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ തലവനായിരുന്നു ജസ്റ്റിസ് ഖേഹര്‍.