Skip to main content

ഹിന്ദുത്വം അഥവാ ഹിന്ദുമതം ഒരു ‘ജീവിതരീതി’യാണെന്നും ‘സങ്കുചിത ഹിന്ദുമത മൗലികവാദ ഭ്രാന്തു’മായി അതിന് ബന്ധമില്ലെന്നുമുള്ള 1995-ലെ സുപ്രീം കോടതി വിധി നിലനില്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഏഴംഗ ബഞ്ച്. ചൊവ്വാഴ്ച വിധിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ 1995 വിധിയുടെ ‘നാശകാരിയായ അനന്തരഫലങ്ങള്‍’ പരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളി.

 

ജനപ്രാതിനിധ്യ നിയമത്തിലെ 123 വകുപ്പ് അനുസരിച്ച് തിരഞ്ഞെടുപ്പിലെ അഴിമതിയെ സംബന്ധിച്ച വിഷയം മാത്രമേ കോടതി പരിഗണിക്കൂവെന്നു ബെഞ്ച്‌ വ്യക്തമാക്കി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി മതനേതാക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് അഴിമതിയായി കണക്കാക്കാമോ എന്ന വിഷയത്തിലാണ് ബെഞ്ച്‌ വാദം കേള്‍ക്കുന്നത്. ഹിന്ദുത്വം ഹിന്ദുമതമായി കണക്കാക്കാമോ എന്ന വിശാല വിഷയത്തിലേക്ക് ബഞ്ച് പോകുന്നില്ലെന്ന് കോടതി പറഞ്ഞു.

 

സെതല്‍വാദിനൊപ്പം നാടകപ്രവര്‍ത്തകന്‍ ഷംസുല്‍ ഇസ്ലാം, മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ ദിലിപ് മണ്ഡല്‍ എന്നിവരും ഹര്‍ജിയില്‍ കക്ഷികളാണ്. 1995 ഡിസംബര്‍ 11-ലെ ജസ്റ്റിസ്‌ ജെ.എസ് വര്‍മയുടെ വിധി ‘ദേശീയതയുടെയും പൗരത്വത്തിന്റെയും അടയാളമായി ഹിന്ദുത്വ മാറുന്നതിലേക്ക് നയിച്ചു’വെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.   

 

‘ഹിന്ദു, ഹിന്ദുത്വ, ഹിന്ദുമതം എന്നിവക്ക് കൃത്യമായ അര്‍ഥം നല്‍കാനാകില്ലെന്നും ഇന്ത്യയുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ഒഴിവാക്കുന്ന, അമൂര്‍ത്തമായ ഒരു അര്‍ഥത്തിനും അതിനെ മതത്തിന്റെ മാത്രമായ സങ്കുചിത അതിരുകളില്‍ തളക്കാനാകില്ലെന്നു’മായിരുന്നു ജസ്റ്റിസ്‌ വര്‍മയുടെ വിധി.       

Tags