Skip to main content

സ്വാശ്രയ വിഷയത്തിൽ യു.ഡി.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ എട്ടു ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം നിയമസഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ ഇന്നു ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒക്ടോബര്‍ 17 വരെ സഭ സമ്മേളിക്കാത്ത സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം.

 

അതേസമയം സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്നും നിയമസഭ സ്തംഭിച്ചു.മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ അവസാനിക്കാത്തതിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, എന്നാല്‍ തന്നെ ആക്ഷേപിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരില്ലെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. തന്റെ പിടിവാശി മൂലമല്ല പ്രശ്‌നങ്ങള്‍ അവസാനിക്കാത്തതെന്നും പിടിവാശി പ്രതിപക്ഷത്തിനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു

 

സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും ആരോഗ്യ മന്ത്രി ചര്‍ച്ച നടത്തിയപ്പോള്‍ തന്നെ സമരം അവസാനിപ്പിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ താന്‍ കൂടി പങ്കെടുത്ത് നടന്ന ചര്‍ച്ചയില്‍ കരാറില്‍ നിന്ന് പിന്മാറില്ല എന്നാണ് മാനേജ്‌മെന്റുകൾ നിലപാട് എടുത്തതെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതിയ നിര്‍ദേശങ്ങളില്ലാതിരുന്നത് കൊണ്ടാണ് യോഗം പിരിഞ്ഞതെന്നും മുഖ്യമന്ത്രി അറിയിച്ചു. 30 കുട്ടികള്‍ക്ക് വേണ്ടിയാണോ സഭ സ്തംഭിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

 

ബഹളത്തെത്തുടർന്ന് നിയമസഭ പിരിഞ്ഞു. പൂജ അവധിയും കഴിഞ്ഞ് ഇനി 17 നായിരിക്കും സഭ സമ്മേളിക്കുക.

 

സമരത്തിന്റെ ഭാഗമായി നിരാഹാരമനുഷ്ഠിച്ചിരുന്ന എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരെ ആരോഗ്യസ്ഥിതി വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എംഎല്‍എമാരായ വി.ടി ബല്‍റാമും റോജി എം. ജോണും നിരാഹാരസമരം ആരംഭിച്ചതിന് പിന്നാലെയാണ് സമരം നിര്‍ത്തുന്നതായ തീരുമാനം വന്നത്.