മഹാത്മാ ഗാന്ധിയുടെ വധത്തില്‍ ആര്‍.എസ്.എസിന് പങ്കില്ലെന്ന പ്രസ്താവന പുറപ്പെടുവിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ വിസമ്മതിച്ചു. 2014-ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിന്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ വിചാരണ നേരിടാന്‍ ഒരുക്കമെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞയാഴ്ച കോടതിയിലെടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗാന്ധി വധത്തിന്റെ ഉത്തരവാദിത്വത്തിന് ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സംഘടനയുമായി ബന്ധപ്പെട്ട വ്യക്തികളാണ് വധത്തിന് പിന്നിലെന്നാണ് ഉദ്ദേശിച്ചതെന്നും രാഹുല്‍ കോടതിയില്‍ ആവര്‍ത്തിച്ചു.
കഴിഞ്ഞയാഴ്ച കോടതിയില്‍ രാഹുലിന്റെ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ഈ നിലപാട് പറഞ്ഞതിനു പിന്നാലെ 2014-ല്‍ മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
നേരത്തെ, മാപ്പ് പറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതിയില്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചിരുന്നു. എന്നാല്‍, ഗാന്ധി വധത്തിനു ആര്‍.എസ്.എസിനെ കൂട്ടായി കുറ്റപ്പെടുത്തുകയാണ് ചെയ്തതെങ്കില്‍ ചെയ്തത് തെറ്റാണെന്നും നടപടി നേരിടേണ്ടി വരുമെന്നും കോടതി കടുത്ത ഭാഷയില്‍ രാഹുലിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
കഴിഞ്ഞയാഴ്ചത്തെ രാഹുലിന്റെ പ്രസ്താവനയെ തുടര്‍ന്ന്‍ കേസ് തള്ളുമെന്ന സൂചന നല്‍കിയ കോടതി അപകീര്‍ത്തി കേസ് നല്‍കിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ നിലപാട് അറിയാന്‍ ഇന്ന്‍ വാദം കേട്ടപ്പോഴാണ് വിചാരണ നടക്കട്ടെയെന്ന നിലപാട് രാഹുല്‍ സ്വീകരിച്ചത്. അപകീര്‍ത്തി കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും രാഹുല്‍ പിന്‍വലിച്ചു.