Skip to main content

ഗാന്ധി വധത്തിന്റെ ഉത്തരവാദിത്വത്തിന് രാഷ്ട്രീയ സ്വയംസേവക സംഘത്തെ (ആര്‍.എസ്..എസ്) കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശത്തില്‍ നേരിടുന്ന അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലാണ് രാഹുല്‍ ഗാന്ധി ഈ നിലപാട് വ്യക്തമാക്കിയത്. ഇതോടെ, സെപ്തംബര്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ കേസ് തള്ളുമെന്ന് കോടതി സൂചന നല്‍കി.

 

മഹാരാഷ്ട്രയില്‍ 2014-ലാണ് കേസിനാസ്പദമായ പരാമര്‍ശം രാഹുല്‍ നടത്തിയത്. എന്നാല്‍, ആര്‍.എസ്.എസ് എന്ന സംഘടനയെ കുറ്റപ്പെടുത്തുകയല്ല, അതുമായി ബന്ധപ്പെട്ട വ്യക്തികളാണ് വധത്തിന് പിന്നിലെന്നാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിച്ചതെന്നു അദ്ദേഹത്തിന്റെ അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

 

നേരത്തെ, മാപ്പ് പറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചിരുന്നു. എന്നാല്‍, ഗാന്ധി വധത്തിനു ആര്‍.എസ്.എസിനെ കൂട്ടായി കുറ്റപ്പെടുത്തുകയാണ് ചെയ്തതെങ്കില്‍ ചെയ്തത് തെറ്റാണെന്നും കോടതി രാഹുലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

വിഷയത്തില്‍ അടുത്തയാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രതികരണം അറിയിക്കാന്‍ പരാതിക്കാരനായ ആര്‍.എസ്.എസ്. പ്രവര്‍ത്തകനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags