അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട കേന്ദ്ര നടപടി സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ബുധനാഴ്ച തള്ളി. 2015 ഡിസംബര്‍ 15-നു മുന്‍പുള്ള സ്ഥിതി പുന:സ്ഥാപിക്കാന്‍ ജസ്റ്റിസ് ജെ.എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് ഏകകണ്ഠമായി വിധിച്ചു. കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായ വിധി കോണ്‍ഗ്രസ് നേതാവ് നബം തുകിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി.
2016 ജനുവരി 26-നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. 2016 ജനുവരി 14-ന് നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം 2015 ഡിസംബര്‍ 16-ന് വിളിച്ചുചേര്‍ക്കാനുള്ള ഗവര്‍ണര്‍ ജെ.പി രാജ്ഖോവയുടെ തീരുമാനമാണ് സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് തുടക്കമിട്ടത്. സ്പീക്കറുടെ അധികാരത്തെ മറികടന്ന ഗവര്‍ണറുടെ നടപടിയുടെ ഭരണഘടനാ സാധുതയാണ് സുപ്രീം കോടതി പരിശോധിച്ചത്.
ബി.ജെ.പിയുടെ പിന്തുണയോടെ കോണ്‍ഗ്രസ് വിമതന്‍ ഖലികോ പുല്‍ മുഖ്യമന്ത്രിയായി ഫെബ്രുവരിയില്‍ രൂപീകരിച്ച സര്‍ക്കാറിന് ഇതോടെ അധികാരം ഒഴിയേണ്ടി വരും.