ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് എടുത്ത കേസില്‍ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ഡിവിഷന് ബഞ്ച് കൂടുതല്‍ വലിയ ബഞ്ചിന് വിട്ടു. പുതിയ ബഞ്ച് ഹര്‍ജി പരിഗണിക്കുന്നത് വരെ സെതല്‍വാദിനേയും ഭര്‍ത്താവ് ജാവേദ് ആനന്ദിനേയും അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
പരിഗനയിലുള്ള കേസ് സ്വാതന്ത്ര്യം സംബന്ധിച്ച് വിവിധ വിഷയങ്ങള്‍ ഉയര്‍ത്തുന്നതായി ഹര്‍ജി വിസ്തൃത ബഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നതിന് കാരണമായി ജസ്റ്റിസുമാരായ ദീപക് മിശ്രയും ആദര്‍ശ് കുമാര്‍ ഗോയലും വ്യക്തമാക്കി. നിയമത്തിന്റെ പ്രാഥമ്യം, സ്വാതന്ത്ര്യത്തിന്റെ മൂല്യം, നിയന്ത്രിത സ്വാതന്ത്ര്യം എന്ന ആശയം, മുന്‍കൂര്‍ ജാമ്യാപേക്ഷ, അന്വേഷണത്തില്‍ പ്രതിയുടെ നിസ്സഹകരണം തുടങ്ങിയ വിഷയങ്ങള്‍ കേസില്‍ പരിഗണിക്കേണ്ടതുണ്ടെന്ന് ബഞ്ച് വിശദീകരിച്ചു.
ഫെബ്രുവരി 19-ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവെച്ച കോടതി എന്നാല്‍, സെതല്‍വാദിനേയും മറ്റ് ആരോപിതരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് കേസില്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് വിധി പറയുന്നത് വരെ അറസ്റ്റ് വിലക്കിയത്.
ഗുജറാത്ത് കലാപകാലത്ത് ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയില്‍ മരിച്ചവര്‍ക്ക് സ്മാരകമായി മ്യൂസിയം ആരംഭിക്കുന്നതിന് ട്രസ്റ്റ് രൂപീകരിച്ച് സംഭാവനയായി സ്വീകരിച്ച പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതാണ് സെതല്‍വാദിനെതിരെയുള്ള ഗുജറാത്ത് പോലീസിന്റെ ആരോപണം. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഗുജറാത്ത് പോലീസ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരാകരിച്ചതോടെയാണ് തീസ്ത സുപ്രീം കോടതിയെ സമീപിച്ചത്.
കേസ് രാഷ്ടീയ പ്രതികാരമാണെന്നാണ് തീസ്റ്റ ആരോപിക്കുന്നത്. തീസ്തയ്ക്കെതിരെ ഗുജറാത്ത് പോലീസ് രെജിസ്റ്റര്‍ ചെയ്ത ഏഴാമത്തെ കേസാണിതെന്ന് സെതല്‍വാദിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ കഴിഞ്ഞ വാദത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗുല്‍ബര്‍ഗ ട്രസ്റ്റിന് വേണ്ടി ആകെ 4.60 ലക്ഷം രൂപ മാത്രമാണ് തീസ്ത സമാഹാരിച്ചിട്ടുള്ളത് എന്നിരിക്കെയാണ് 1.51 കോടി രൂപ തിരിമറി നടത്തിയതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ആരോപിക്കുന്നതെന്നും സിബല്‍ വാദിച്ചിരുന്നു.