Skip to main content
ന്യൂഡല്‍ഹി

supreme court

 

മറ്റു പിന്നോക്ക ജാതി (ഒ.ബി.സി) സംവരണ വിഭാഗത്തില്‍ ജാട്ട് സമുദായത്തെ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചൊവ്വാഴ്ച സുപ്രീം കോടതി തള്ളി. സുപ്രധാന വിധിയില്‍ ഒരു വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്നതിന് ജാതി ഏക മാനദണ്ഡമായി കണക്കാക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു.

 

ജാട്ട് സമുദായത്തെ പോലെ രാഷ്ട്രീയമായി സംഘടിതമായ ഒരു വിഭാഗത്തിന് സംവരണം നല്‍കാനാകില്ലെന്ന് കോടതി വിശദീകരിച്ചു. 2014 മാര്‍ച്ചില്‍ യു.പി.എ സര്‍ക്കാറാണ് ജാട്ട് സമുദായത്തെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്‍.ഡി.എ സര്‍ക്കാറും ഇതിനെ പിന്തുണക്കുന്നതായി കോടതിയെ അറിയിച്ചിരുന്നു.

 

ഒ.ബി.സി പട്ടികയില്‍ കഴിഞ്ഞ കാലങ്ങളില്‍ ഒരു ജാതിയെ തെറ്റായി ഉള്‍പ്പെടുത്തിയത് വീണ്ടും അത്തരം തെറ്റ് ആവര്‍ത്തിക്കാന്‍ കാരണമാകരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒ.ബി.സി പട്ടികയില്‍ കൂടുതലായി വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നതും കാലം മാറുന്നതിനനുസരിച്ച് പട്ടികയില്‍ നിന്ന്‍ വിഭാഗങ്ങളെ നീക്കാത്തതും എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. പട്ടികയില്‍ ഒരു വിഭാഗത്തെ ഉള്‍പ്പെടുത്തുമ്പോള്‍ ജാതി പ്രമുഖ ഘടകമാണെങ്കിലും അത് ഏക മാനദണ്ഡമാകരുതെന്ന് സുപ്രീം കോടതി പറഞ്ഞു.

 

ഒ.ബി.സി പട്ടിക നിശ്ചയിക്കുന്നതിന് പുതിയതായി രൂപപ്പെടുന്ന പിന്നോക്കാവസ്ഥകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു. മൂന്നാം ലിംഗത്തില്‍ പെടുന്നവരെ ഇതിന് ഉദാഹരണമായി കോടതി ചൂണ്ടിക്കാട്ടി.

Tags