Skip to main content
ന്യൂഡല്‍ഹി

 

വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപമുള്ള 627 പേരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. പട്ടിക കോടതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. വിദേശ ബാങ്കുകളില്‍ നിക്ഷേപമുള്ള മുഴുവന്‍ ഇന്ത്യാക്കാരുടേയും പേരുകള്‍ ഇന്ന്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിരുന്നു.

 

അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ രോഹ്തഗിയാണ് മുദ്ര വെച്ച കവറില്‍ വിവരങ്ങള്‍ ചീഫ് ജസ്റ്റിസ്‌ എച്ച്.എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബഞ്ചിന് സമര്‍പ്പിച്ചത്. ഇതില്‍ പകുതിയോളം പേര്‍ ഇന്ത്യയില്‍ താമസിക്കുന്നവരാണെന്നും 2006 വരെയുള്ള നിക്ഷേപങ്ങളുടെ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നതെന്നും രോഹ്തഗി പറഞ്ഞു. വിഷയത്തില്‍ നടപടി ഇതിനകം ആരംഭിച്ചതായും ചിലര്‍ നികുതി ബാധ്യത അടച്ചതായും മറ്റുള്ളവര്‍ക്ക് എതിരെ അന്വേഷണം നടക്കുന്നതായും രോഹ്തഗി അറിയിച്ചു.

 

വിവരങ്ങള്‍ കള്ളപ്പണം സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘം അദ്ധ്യക്ഷന്‍ എം.ബി ഷായ്ക്കും ഉപാധ്യക്ഷന്‍ അരിജിത് പാസായത്തിനും നല്‍കാനാണ് കോടതി ഉത്തരവിട്ടത്. വിരമിച്ച ജഡ്ജിമാരാണ് ഇരുവരും. വിവരങ്ങള്‍ ഈ രണ്ടുപേര്‍ക്കല്ലാതെ മറ്റാര്‍ക്കും വെളിപ്പെടുത്തരുതെന്നും മറിച്ചായാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.  

 

പേരുകള്‍ വെളിപ്പെടുത്തുന്നതിനെതിരെ അപേക്ഷയുമായി കോടതിയെ സമീപിച്ച എന്‍.ഡി.എ സര്‍ക്കാറിന്റെ നടപടിയെ കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കള്ളപ്പണം തിരിച്ചുപിടിക്കുന്ന വിഷയം സര്‍ക്കാറിന് വിടാനാകില്ലെന്നും അങ്ങനെയായാല്‍ തങ്ങളുടെ ജീവിതകാലത്ത് അത് സംഭവിക്കില്ലെന്നും കോടതി കുറ്റപ്പെടുത്തി.    

 

വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചതായി ആരോപിച്ച് മൂന്ന്‍ വ്യവസായികളുടെ പേര് തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. മൊത്തം എട്ടുപേര്‍ക്ക് എതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചതായും കേന്ദ്രം അറിയിച്ചിരുന്നു.

 

അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് 1948-നും 2008-നും ഇടയില്‍ ഇന്ത്യാക്കാര്‍ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം ഇന്നത്തെ വിനിമയ നിരക്ക് അനുസരിച്ച് 28 ലക്ഷം കോടി രൂപ വരും. ഇത് സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ ഇല്ല.

Tags