Skip to main content
ന്യൂഡല്‍ഹി

supreme court

 

വിദേശ ബാങ്കുകളില്‍ നിക്ഷേപമുള്ള മുഴുവന്‍ ഇന്ത്യാക്കാരുടേയും പേരുകള്‍ നാളെ (ബുധനാഴ്ച) കോടതിയില്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു. പേരുകള്‍ വെളിപ്പെടുത്തുന്നതിനെതിരെ അപേക്ഷയുമായി കോടതിയെ സമീപിച്ച എന്‍.ഡി.എ സര്‍ക്കാറിന്റെ നടപടിയേയും കോടതി വിമര്‍ശിച്ചു.  

 

തുറന്ന കോടതിയില്‍ പാസാക്കുകയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്ത ഉത്തരവില്‍ കേന്ദ്രത്തിലെ പുതിയ ഭരണത്തിന് മാറ്റം ആവശ്യപ്പെടാന്‍ പറ്റില്ലെന്ന് കോടതി പറഞ്ഞു. വിദേശ ബാങ്കുകളിലെ നിക്ഷേപം വെളിപ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവിലെ ഒരു വരി പോലും മാറ്റില്ലെന്ന് കോടതി പറഞ്ഞു.

 

കേന്ദ്രം വേറെയൊന്നും ചെയ്യേണ്ടെന്നും പേരുകള്‍ തങ്ങള്‍ക്ക് തന്നാല്‍ മാത്രം മതിയെന്നും കോടതി പറഞ്ഞു. അന്വേഷണത്തിനുള്ള ഉത്തരവ് തങ്ങള്‍ പാസാക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കള്ളപ്പണം തിരിച്ചുപിടിക്കുന്ന വിഷയം സര്‍ക്കാറിന് വിടാനാകില്ലെന്നും അങ്ങനെയായാല്‍ തങ്ങളുടെ ജീവിതകാലത്ത് അത് സംഭവിക്കില്ലെന്നും കോടതി കുറ്റപ്പെടുത്തി.  

 

വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചതായി ആരോപിച്ച് മൂന്ന്‍ വ്യവസായികളുടെ പേര് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. മൊത്തം എട്ടുപേര്‍ക്ക് എതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചതായും കേന്ദ്രം അറിയിച്ചിരുന്നു.

 

വിദേശ രാഷ്ട്രങ്ങളില്‍ നിന്ന്‍ ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടി ചൂണ്ടിക്കാട്ടി കള്ളപ്പണം സംബന്ധിച്ച പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്ന്‍ ഇളവ് അഭ്യര്‍ഥിച്ച് നേരത്തെ കേന്ദ്രം കോടതിയെ സമീപിച്ചിരുന്നു. ഉടമ്പടി പ്രകാരം ബാങ്ക് അക്കൌണ്ടുകളുടെ വിവരം ശേഖരിക്കുമ്പോള്‍ കുറ്റപത്രം ചുമത്തപ്പെട്ടിട്ടില്ലെങ്കില്‍ ഈ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് നിബന്ധനയുണ്ടെന്നാണ് കേന്ദ്രം പറഞ്ഞത്.  

 

കള്ളപ്പണം സംബന്ധിച്ച് തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് ഈ പേരുകള്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന പ്രചാരണ ആയുധമായിരുന്ന വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോക്കം പോകുന്നതായും തെരഞ്ഞെടുത്ത പേരുവിവരങ്ങള്‍ മാത്രമാണ് വെളിപ്പെടുത്തുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു.

 

ഡാബര്‍ കമ്പനിയിലെ പ്രദീപ്‌ ബര്‍മന്‍, ഗുജറാത്തിലെ രാജ്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഭരണ വ്യപാരി പങ്കജ് ചിമന്‍ലാല്‍ ലോധിയ, ഗോവയിടെ ഖനിവ്യവസായി രാധ എസ്. ടിംബ്ലോ എന്നിവരാണ് സുപ്രീം കോടതിയില്‍ കേന്ദ്രം തിങ്കളാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്‌.

 

അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് 1948-നും 2008-നും ഇടയില്‍ ഇന്ത്യാക്കാര്‍ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം ഇന്നത്തെ വിനിമയ നിരക്ക് അനുസരിച്ച് 28 ലക്ഷം കോടി രൂപ വരും. ഇത് സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ ഇല്ല.

Tags