നിതാരി പരമ്പര കൊലപാതക കേസിലെ കുറ്റവാളി സുരീന്ദര്‍ കോലിയുടെ വധശിക്ഷയ്ക്കെതിരെയുള്ള പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. കോലിയുടെ ശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി മരണവാറന്റ് പുറപ്പെടുവിച്ചതിന് ശേഷം വധശിക്ഷ നടപ്പാക്കുന്നത് ഒക്ടോബര്‍ 29 വരെ കോടതി സ്റ്റേ ചെയ്തിരുന്നു. വിധിക്കെതിരെ കുറേറ്റീവ് ഹര്‍ജി നല്‍കാന്‍ കോലിയ്ക്ക് അവസരമുണ്ട്.
വധശിക്ഷ ശരിവെച്ചതിനെതിരെയുള്ള പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സെപ്തംബര്‍ രണ്ടിന് സുപ്രീം കോടതി വിധിച്ചതിനെ തുടര്‍ന്ന്‍ ഇപ്രകാരമുള്ള ആദ്യ വാദത്തിലാണ് സെപ്തംബര്‍ 12-ന് കോലിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് കോടതി താല്‍ക്കാലിക സ്റ്റേ നല്‍കിയത്.
സെപ്തംബര്‍ രണ്ടിന് പുറപ്പെടുവിച്ച നിര്‍ണ്ണായക വിധിയില്‍ വധശിക്ഷയ്ക്ക് എതിരെയുള്ള പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കേണ്ടത് കുറ്റവാളിയുടെ മൗലിക അവകാശമാണെന്ന് കോടതി വിധിച്ചിരുന്നു. പുന:പരിശോധനാ ഹര്‍ജികള്‍ രണ്ടംഗ ബഞ്ച് ജഡ്ജിമാരുടെ ചേംബറിലാണ് പരിഗണിച്ചിരുന്നത്. പുന:പരിശോധനാ ഹര്‍ജികള്‍ തള്ളുകയും എന്നാല്‍, ശിക്ഷ നടപ്പിലാക്കാത്തതുമായ കേസുകള്‍ വീണ്ടും പരിഗണിക്കാവുന്നതാണെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
ഡല്‍ഹിയ്ക്ക് സമീപമുള്ള നോയ്ഡയിലെ നിതാരിയില്‍ 19 പെണ്‍കുട്ടികളെ കോലി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതായി കരുതുന്നു. 2005-ല്‍ റിമ്പ ഹല്‍ദര്‍ എന്ന 14-കാരിയെ കൊലപ്പെടുത്തിയ കേസിലാണ് കോലിയ്ക്ക് വധശിക്ഷ ലഭിച്ചിരിക്കുന്നത്. അഞ്ച് കേസുകളില്‍ കോലിയെ കുറ്റവാളിയെന്നു കണ്ടെത്തിയിട്ടുണ്ട്. 14 കേസുകളില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല.