വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചതായി ആരോപിച്ച് മൂന്ന്‍ വ്യവസായികളുടെ പേര് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വെളിപ്പെടുത്തി. ഡാബര്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് ബര്‍മന്‍, ഗുജറാത്തിലെ രാജ്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഭരണ വ്യപാരി പങ്കജ് ചിമന്‍ലാല്‍ ലോധിയ, ഗോവയിടെ ഖനിവ്യവസായി രാധ എസ്. ടിംബ്ലോ എന്നിവരാണ് സുപ്രീം കോടതിയില്‍ കേന്ദ്രം തിങ്കളാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. സത്യവാങ്മൂലത്തില്‍ രാഷ്ട്രീയക്കാരുടെ പേരില്ല.
കള്ളപ്പണം സംബന്ധിച്ച് തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് ഈ പേരുകള്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദേശ രാഷ്ട്രങ്ങളില്‍ നിന്ന്‍ ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടി പ്രകാരം ബാങ്ക് അക്കൌണ്ടുകളുടെ വിവരം ശേഖരിക്കുമ്പോള്‍ കുറ്റപത്രം ചുമത്തപ്പെട്ടിട്ടില്ലെങ്കില്‍ ഈ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് നിബന്ധനയുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പക്കലുള്ള പേരുകള്‍ വെളിപ്പെടുത്തിയാല്‍ അത് കോണ്‍ഗ്രസിന് നാണക്കേടായിരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഉടമ്പടികളിലെ നിബന്ധന ചൂണ്ടിക്കാട്ടി കള്ളപ്പണം സംബന്ധിച്ച പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്ന്‍ ഇളവ് അഭ്യര്‍ഥിച്ച് കേന്ദ്രം കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ളവരില്‍ നിന്ന്‍ വിമര്‍ശനം ഉയര്‍ന്നപ്പോഴായിരുന്നു ജെയ്റ്റ്ലിയുടെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന പ്രചാരണ വിഷയമായിരുന്നു രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണം തിരിച്ചുപിടിക്കുക എന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം പ്രധാനമായും രാജ്യത്തിനകത്തെ കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിന് വിരമിച്ച ജഡ്ജി എം.ബി ഷായുടെ അദ്ധ്യക്ഷതയില്‍ ഒരു ഉന്നതാധികാര സംഘത്തെ നിയമിച്ചിട്ടുണ്ട്.
അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് 1948-നും 2008-നും ഇടയില്‍ ഇന്ത്യാക്കാര്‍ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം ഇന്നത്തെ വിനിമയ നിരക്ക് അനുസരിച്ച് 28 ലക്ഷം കോടി രൂപ വരും. ഇത് സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ ഇല്ല.