Skip to main content
ന്യൂഡല്‍ഹി

 

കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ വിദേശത്ത് ബാങ്ക് അക്കൗണ്ടുകള്‍ ഉള്ള ഇന്ത്യാക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇരട്ട നികുതി ഒഴിവാക്കുന്നതിനായുള്ള ഉഭയകക്ഷി ഉടമ്പടികള്‍ക്ക് വിരുദ്ധമാകും ഈ നടപടിയെന്ന്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. കോടതി ഒക്ടോബര്‍ 28-ന് അപേക്ഷ പരിഗണിക്കും.

 

എന്നാല്‍, വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവരെ സംരക്ഷിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ ശ്രമമാണിതെന്ന്‍ പരാതിക്കാരനും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജേത്മലാനി ആരോപിച്ചു. തെറ്റായ മാര്‍ഗ്ഗത്തിലൂടെ ഉണ്ടാക്കിയ പണം നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്നവര്‍ക്കേ ഇത്തരത്തില്‍ അപേക്ഷ നല്‍കാന്‍ കഴിയൂ എന്നും ഇത് ജനായത്തപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് യോജിച്ചതല്ലെന്നും ജെത്മലാനി കുറ്റപ്പെടുത്തി. ഈ അപേക്ഷയ്ക്കെതിരെ താന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും തന്റെ അവസാന ആഗ്രഹമായി പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ചതായും 91-കാരനായ ജെത്മലാനി കോടതിയില്‍ പറഞ്ഞു.

 

ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന പ്രചാരണ വിഷയമായിരുന്നു കള്ളപ്പണം. വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പാര്‍ട്ടിയുടെ പ്രകടനപത്രിക വാഗ്ദാനം ചെയ്തിരുന്നു. രാജ്യത്തിനകത്തെ കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിന് മുന്‍ സുപ്രീം കോടതി ജഡ്ജി എം.ബി ഷായുടെ നേതൃത്വത്തില്‍ ഉന്നത തല പ്രത്യേക അന്വേഷണ സംഘത്തെ നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യയോഗത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം നിയമിച്ചിരുന്നു.

Tags