പ്രവാസി ഇന്ത്യാക്കാര്‍ക്ക് പകരം പ്രതിനിധിയിലൂടെയോ ഇലക്ട്രോണിക് ബാലറ്റ് ഉപയോഗിച്ച് നേരിട്ടോ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്മീഷന് നിലപാട് വ്യക്തമാക്കിയത്. പ്രവാസി മലയാളി ഡോ. ഷംസീര്‍ വയലില്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി കമീഷന്റെ റിപ്പോര്‍ട്ട് നേടിയത്.
പ്രവാസികള്‍ക്കും വോട്ടവകാശം നല്കി 2010-ല്‍ ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തിയ ഭേദഗതി സമ്പന്നരായ പ്രവാസികള്‍ക്കു മാത്രം പ്രയോജനപ്പെടുന്നതാണെന്നും അതുകൊണ്ടു ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഷംസീര്‍ വയലില്‍ ഹര്‍ജി നല്‍കിയത്. ഭേദഗതി പ്രകാരം പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ തെരഞ്ഞെടുപ്പ് സമയത്ത് അതത് മണ്ഡലങ്ങളില്‍ എത്തേണ്ടതുണ്ട്.
എന്നാല്‍, താമസിക്കുന്ന രാജ്യത്ത് തന്നെ വോട്ട് ചെയ്യാന്‍ സൗകര്യം നല്‍കണമെന്ന ഹര്‍ജിയിലെ പ്രധാന ആവശ്യം റിപ്പോര്‍ട്ടില്‍ നിരാകരിച്ചു. വിവിധ രാജ്യങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളില്‍ പോളിംഗ് ബൂത്ത് ഒരുക്കി വോട്ടെടുപ്പ് നടത്തുന്നത് പ്രായോഗികമാകില്ലെന്ന് കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കമ്മീഷന് കോടതിയില്‍ നിര്‍ദ്ദേശിച്ചിരുന്ന ഇന്റര്‍നെറ്റ് വോട്ടിംഗും തല്ക്കാലം പരിഗണിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും മണ്ഡലങ്ങളിലും പിന്നീട് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കും തുടര്‍ന്ന് ലോകസഭാ തെരഞ്ഞെടുപ്പിലേക്കും ഈ രീതി വ്യാപിക്കാമെന്ന് കമ്മീഷന് നിര്‍ദ്ദേശിക്കുന്നു.
പകരം പ്രതിനിധി സംവിധാനത്തിലൂടെ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി സമ്മതിദായകര്‍ക്ക് ഒരാളെ നാമനിര്‍ദ്ദേശം ചെയ്യാം. അല്ലെങ്കില്‍ ഇലക്ട്രോണിക് മാര്‍ഗ്ഗത്തില്‍ ബാലറ്റ് പേപ്പറുകള്‍ സമ്മതിദായകര്‍ക്ക് അയച്ചുകൊടുക്കുകയും ഇതില്‍ വോട്ട് രേഖപ്പെടുത്തി വരണാധികാരിയ്ക്ക് തപാല്‍ മാര്‍ഗ്ഗം തിരിച്ചയക്കുകയും ചെയ്യാം. ഇതിനായി തെരഞ്ഞെടുപ്പിന് ആറുമാസം മുന്‍പ് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം.
2012 മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം 1,00,37,767 പ്രവാസികളാണുള്ളത്. ഇതില്‍ 11,000 പേര് മാത്രമാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ളതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍പ് ആറുമാസത്തില്‍ കൂടുതല്‍ ഇന്ത്യയ്ക്ക് പുറത്ത് താമസിച്ചാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്യുമായിരുന്നു.
നിലവില്‍ സൈനികര്‍ക്ക് പകരം പ്രതിനിധിയെ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ സൗകര്യമുണ്ട്. ഇതിനായി പ്രതിനിധിയെ കമാണ്ടിംഗ് ഓഫീസറും ഒന്നാം ക്ലാസ് മജിസ്ട്രേറ്റും നോട്ടറിയും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. പ്രവാസികളുടെ പ്രതിനിധികളെ സാക്ഷ്യപ്പെടുത്തുന്ന വിഷയത്തില്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമില്ല.