കല്‍ക്കരി ഖനനത്തിനായി 2010-ന് മുന്‍പ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ എല്ലാ അനുമതികളും സുപ്രീം കോടതി ബുധനാഴ്ച റദ്ദാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ സംയുക്ത സംരംഭങ്ങളിലൂടെ അല്ലാതെ നേരിട്ട് ഖനനം നടത്തുന്ന നാലെണ്ണത്തിന് മാത്രമാണ് കോടതി പ്രവര്‍ത്തന അനുമതി നല്‍കിയിരിക്കുന്നത്. ഊര്‍ജം, സ്റ്റീല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നതാണ് വിധി.
ലേല പ്രക്രിയ കൂടാതെ നല്‍കിയ 218 അനുമതികളാണ് കോടതി പരിശോധിച്ചത്. ഇതില്‍ എന്‍.ടി.പി.സി, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, കോള്‍ ഇന്ത്യ എന്നീ സ്ഥാപനങ്ങള്‍ക്കുള്ള അനുമതിയാണ് നിലനിര്‍ത്തിയിരിക്കുന്നത്. ബാക്കിയുള്ളവ വീണ്ടും ലേലം ചെയ്യും. ഉത്തരവ് ബാധകമാകുന്നതിന് ആറുമാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ, ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നിര്‍ണ്ണായക വിധി.
1993 മുതല്‍ വിവിധ സര്‍ക്കാറുകളുടെ കാലത്ത് 36 സ്ക്രീനിംഗ് കമ്മിറ്റികള്‍ നല്‍കിയ ഖനന അനുമതികള്‍ നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ആഗസ്ത് 25-ന് കോടതി വിധിച്ചിരുന്നു. ഇവ മുഴുവന്‍ റദ്ദാക്കിക്കൂടെയെന്ന്‍ സര്‍ക്കാറിനോട് കോടതി ചോദിച്ചിരുന്നു. ഇതില്‍ വിരോധമില്ലെന്നും എന്നാല്‍, നിലവില്‍ പ്രവര്‍ത്തിക്കുന്ന 46 കല്‍ക്കരിപ്പാടങ്ങളുടെ കാര്യത്തില്‍ ഇളവ് നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 40 എണ്ണവും പൂര്‍ണ്ണമായും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതാണെന്നും ആറെണ്ണം ഉടന്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സജ്ജമാണെന്നുമാണ് കേന്ദ്രം അറിയിച്ചത്. ഇത് കോടതി പരിഗണിച്ചില്ലെങ്കിലും അനുമതി നല്‍കിയ നാലെണ്ണം ഇതില്‍ ഉള്‍പ്പെടുന്നതാണ്.