വധശിക്ഷ ശരിവെച്ചതിനെതിരെയുള്ള പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ മൂന്നംഗ ബഞ്ച് വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി. പുന:പരിശോധനാ ഹര്‍ജികള്‍ തള്ളുകയും എന്നാല്‍, ശിക്ഷ നടപ്പിലാക്കാത്തതുമായ കേസുകള്‍ വീണ്ടും പരിഗണിക്കാവുന്നതാണെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച വിധിച്ചു. ഇത്തരം ഹര്‍ജികളില്‍ അര മണിക്കൂര്‍ കോടതി വാദം കേള്‍ക്കും. നിലവില്‍ പുന:പരിശോധനാ ഹര്‍ജികള്‍ രണ്ടംഗ ബഞ്ച് ജഡ്ജിമാരുടെ ചേംബറിലാണ് പരിഗണിച്ചിരുന്നത്. അതേസമയം, സുപ്രീം കോടതി തീരുമാനമെടുത്ത കുറേറ്റീവ് ഹര്‍ജികള്‍ക്ക് ഈ വിധി ബാധകമായിരിക്കില്ല.
1993-ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീം കോടതി ബഞ്ചിന്റെ നിര്‍ണ്ണായക വിധി. യാക്കൂബ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്ത കോടതി ഹര്‍ജി സമാനമായ മറ്റ് എട്ട് ഹര്‍ജികളുമായി ബന്ധപ്പെടുത്തി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, റോഹിന്‍ടണ്‍ നരിമാന്‍ എന്നിവരാണ് ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍.
20 വര്‍ഷമായി ജയിലില്‍ കഴിയുന്ന മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. വധശിക്ഷ കാത്ത് ജയിലില്‍ കഴിഞ്ഞ നീണ്ടകാലത്തെ മാനസിക പീഡനം ഹര്‍ജിയില്‍ മേമന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജീവപര്യന്ത ശിക്ഷയുടെ കാലയളവായ 14 വര്‍ഷത്തില്‍ അധികം ജയിലില്‍ കഴിഞ്ഞ തന്നെ ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിക്കുകയാണെങ്കില്‍ രണ്ട് ശിക്ഷ, ജീവപര്യന്തവും വധശിക്ഷയും, നല്‍കുന്നതിന് തുല്യമാകുമെന്ന് മേമന്‍ വാദിച്ചു.
ഒരു വ്യക്തിയുടെ ജീവന്‍ സംബന്ധിച്ച തീരുമാനമെടുക്കുന്ന ഹര്‍ജി തുറന്ന കോടതിയില്‍ മൂന്നോ അഞ്ചോ ജഡ്ജിമാരുടെ ബഞ്ച് കേള്‍ക്കണമെന്നും മേമന്‍ ആവശ്യപ്പെട്ടിരുന്നു. ജഡ്ജിമാരുടെ ചേംബറില്‍ വാദം കേള്‍ക്കുന്നതിലൂടെ കുറ്റവാളിയ്ക്ക് തന്റെ ഭാഗം പറയാനുള്ള അവസരം ലഭിക്കുന്നില്ലെന്നും ഇത് ഭരണഘടനാപരമല്ലെന്നും മേമന്‍ വാദിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതി വിഷയം പരിഗണിച്ചത്.
മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനായി കരുതപ്പെടുന്ന ടൈഗര്‍ മേമന്റെ സഹോദരനാണ് ചാര്‍ട്ടഡ് അക്കൌണ്ടന്റായ യാക്കോബ് മേമന്‍. സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട ഗൂഡാലോചനയും പണം സംഘടിപ്പിച്ച് വിതരണം ചെയ്യുകയും ചെയ്ത കുറ്റങ്ങള്‍ക്കാണ് 2007-ല്‍ ടാഡ കോടതി മേമന് വധശിക്ഷ വിധിച്ചത്. സ്ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 700ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.