ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കുന്ന ബില്ലിലും ഭരണഘടനാ ഭേദഗതിയിലും ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ഭേദഗതി ബില്‍ നിയമമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജികള്‍ പിന്നീട് സമര്‍പ്പിക്കാമെന്ന് വ്യക്തമാക്കി. ബില്ലിനെതിരെയുള്ള നാല് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ജസ്റ്റിസുമാരായ എ.ആര്‍ ദവെ, ജെ. ചെലമേശ്വര്‍, എ.കെ സിക്രി എന്നിവരടങ്ങിയ ബഞ്ച് തള്ളി.
സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ജഡ്ജിമാരെ നിയമിക്കുന്നതിന് നിലവിലെ കൊളിജിയം സംവിധാനത്തിന് പകരം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കുന്ന ബില്ലും കമ്മീഷന്‍ ഭരണഘടനാ പദവി നല്‍കുന്നതിനായി പാര്‍ലിമെന്റ് പാസാക്കിയ 121-ാം ഭരണഘടനാ ഭേദഗതി ബില്ലും ചോദ്യം ചെയ്താണ് ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ബില്ലുകള്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ബിശ്വജിത് ഭട്ടാചാര്യ, അഭിഭാഷകരായ ആര്‍.കെ. കപൂര്‍, മനോഹര്‍ ലാല്‍ ശര്‍മ, സുപ്രീം കോര്‍ട്ട് അഡ്വക്കെറ്റ്സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ എന്നിവരാണ് ഹര്‍ജികള്‍ നല്‍കിയത്.
ഉന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനുമുള്ള പുതിയ സംവിധാനം വ്യവസ്ഥ ചെയ്യുന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്ലും 121-ാം ഭരണഘടനാ ഭേദഗതി ബില്ലും ആഗസ്ത് രണ്ടാം വാരത്തില്‍ പാര്‍ലിമെന്റ് പാസാക്കിയിരുന്നു. 1993 മുതല്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഞ്ച് ജഡ്ജിമാരടങ്ങുന്ന കൊളിജിയമാണ് ജഡ്ജിമാരെ നിയമിച്ചിരുന്നത്. ഈ സംവിധാനം അതാര്യമാണെന്നും സര്‍ക്കാറിന് യാതൊരു പങ്കും നല്‍കുന്നില്ലെന്നും വിമര്‍ശനം ശക്തമായതോടെയാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. സമീപകാലത്ത് ഏതാനും ജഡ്ജി നിയമനങ്ങളും അഴിമതി ആരോപണങ്ങളും മൂലം വിവാദമായതും ഈ നീക്കത്തിന് ശക്തി കൂട്ടി. എന്നാല്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ കൊളിജിയം സംവിധാനത്തെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.