സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് പ്രത്യേകം പ്രവേശന പരീക്ഷ നടത്താൻ അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. 50 ശതമാനം മാനേജ്മെന്റ് സീറ്റിലേക്കും ഇത്തവണ സര്‍ക്കാര്‍ പ്രവേശന പരീക്ഷാ പട്ടികയില്‍ നിന്ന്‍ പ്രവേശനം നടത്താനും കോടതി ആവശ്യപ്പെട്ടു. ഫീസ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് കോടതി അറിയിച്ചു.
പ്രധാനപ്പെട്ട ഈ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാത്തതിനെ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സ്വാശ്രയ കോളേജുകളില്‍ ഫീസ് വർദ്ധിപ്പിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യത്തിന്മേൽ നിലപാട് അറിയിക്കാനും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ കൗണ്‍സിലിനോടും ഇക്കാര്യത്തില്‍ കോടതി അഭിപ്രായം ചോദിച്ചിട്ടുണ്ട്. ഇത് ലഭിച്ച ശേഷം ഈ വിഷയത്തില്‍ വിധി പറയും.
മെഡിക്കല്‍ കോളേജുകളില്‍ സെപ്തംബര്‍ 30-നകം പ്രവേശനം പൂര്‍ത്തിയാക്കണമെന്ന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശമുണ്ട്. ഇതനുസരിച്ച് ജൂലായ് 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഇതിനിടയില്‍ പുതിയ പരീക്ഷയും കൗണ്‍സലിങ്ങും നടത്താന്‍ കഴിയില്ലെന്നും അത് വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷയുടെ പട്ടികയില്‍ നിന്ന്‍ ഇത്തവണ പ്രവേശനം നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.