ദയാവധം ആത്മഹത്യക്ക് തുല്യമാണെന്നും അതിനാല്‍ അനുവദിക്കനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത വിധം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ നിയമപരമായി മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന്‍ സുപ്രീം കോടതി പരിഗണിക്കവേയാണ് കേന്ദ്രം ദയാവധത്തെ എതിര്‍ത്തത്. അതേസമയം മുന്‍ സോളിസിറ്റര്‍ ജനറല്‍ സി. അന്ധ്യരാജിനെ ദയാവധവുമായി ബന്ധപ്പെട്ട കേസുകളില്‍ അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചു.
ദയാവധം അനുവദിക്കാനാവില്ലെന്ന്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. എൻ.ജി.ഒ സംഘടനയായ കോമൺ കോസ് അടക്കമുള്ളവ നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റീസ് ആർ.എം ലോധ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഇന്ന്‍ പരിഗണിച്ചത്. നേരത്തെ മനുഷ്യാവകാശ പ്രശ്നങ്ങളുള്ളതിനാൽ ഇത് സംബന്ധിച്ച ഹർജികൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. 2011 മാർച്ചിൽ കർശന മാർഗ നിർദ്ദേശങ്ങളോടെ സാവധാനമുള്ള ദയാവധം അനുവദിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. മെഡിക്കൽ ബോർഡിന്റേയും സംസ്ഥാന സർക്കാരിന്റേയും ഹൈക്കൊടതിയുടെയും അനുമതി നേടിയ ശേഷമേ ദയാവധം അനുവദിക്കാവുവെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം.