Skip to main content
ന്യൂഡല്‍ഹി:

 

കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.എല്‍ മഞ്ജുനാഥിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കണമെന്ന നിലപാടിലുറച്ച് സുപ്രീം കോടതി കൊളീജിയം. ജസ്റ്റിസ് മഞ്ജുനാഥിനെ ചീഫ് ജസ്റ്റിസാക്കാനുള്ള ശുപാര്‍ശ തള്ളിയ നടപടി പുന:പരിശോധിക്കണമെന്ന് കൊളീജിയം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കൊളീജിയം നിലപാട് ആവര്‍ത്തിച്ച സാഹചര്യത്തില്‍ കേന്ദ്രത്തിന് ശുപാര്‍ശ അംഗീകരിക്കേണ്ടി വരും.

 

ജഡ്ജി നിയമനത്തെക്കുറിച്ചുള്ള കൊളീജിയത്തിന്‍റെ ശുപാര്‍ശ ചൊവ്വാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ മടക്കിയയച്ചത്. എന്നാല്‍ ഇന്നലെ സമ്മേളിച്ച കൊളീജിയം ശുപാര്‍ശ ആവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് ജഡ്ജി നിയമനത്തിലെ വ്യവസ്ഥ.

 

ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി കൊളിജിയത്തിന്റെ നിര്‍ദ്ദേശം എന്‍.ഡി.എ സര്‍ക്കാര്‍ പുന:പരിശോധനയ്ക്കായി തിരിച്ചയക്കുന്നത്. നേരത്തെ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശയും കേന്ദ്രം തിരിച്ചയച്ചിരുന്നു. തുടര്‍ന്ന്‍ കേന്ദ്രത്തിന്റെ നടപടിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആര്‍.എം ലോധ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Tags