കൂടുതല്‍ കര്‍ശനമായ ബാലനീതി നിയമം വേണമെന്ന് സുപ്രീം കോടതി. ഇപ്പോഴുള്ള നിയമത്തില്‍ കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ ഗൌരവമേറിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കും ലഭിക്കുന്ന ഇളവ് പുന:പരിശോധിക്കാന്‍ കോടതി തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജോലിയ്ക്ക് ഉള്ളതുപോലെ കുറ്റകൃത്യത്തിന് പ്രായപരിധി നിശ്ചയിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, വി ഗോപാല്‍ ഗൌഡ എനിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. വിഷയത്തില്‍ സെപ്തംബര്‍ ഒന്‍പതിനകം മറുപടി നല്‍കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഗൌരവമേറിയ കുറ്റങ്ങള്‍ ചെയ്യുന്ന കുട്ടികളെ പ്രായപൂര്‍ത്തിയായവരെ പോലെ തന്നെ പരിഗണിക്കണമെന്ന് കേന്ദ്ര വനിതാ-ശിശുവികസന മന്ത്രി മേനക ഗാന്ധി ഞായറാഴ്ച പ്രസ്താവിച്ചിരുന്നു. ബാലനീതി നിയമപ്രകാരം ശിക്ഷയില്‍ ഇളവുണ്ടെന്ന് അറിയാവുന്ന 16 വയസ്സുകാരാണ് ലൈംഗിക കുറ്റകൃത്യങ്ങളില്‍ പകുതിയും ചെയ്യുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടിയുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. പോലീസ് കണക്കുകള്‍ അനുസരിച്ച് 16-നും 18-നും ഇടയില്‍ പ്രായമുള്ളവരില്‍ ഗൌരവമേറിയ കുറ്റങ്ങള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ ഒരു ദശാബ്ദത്തിനുള്ളില്‍ 65 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്.
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് വനിതാ-ശിശുവികസന മന്ത്രിയായിരുന്ന കൃഷ്ണ തിരത്ത് ഗൌരവമേറിയ കുറ്റങ്ങളില്‍ ബാലനീതി നിയമത്തിന്റെ പരിധി 16 വയസ്സാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും സന്നദ്ധസംഘടനകളും ഇതിനെതിരെ എതിര്‍പ്പുയുര്‍ത്തിയിരുന്നു.
ബാലനീതി നിയമം അനുസരിച്ച് 18 വയസ്സിന് താഴെയുള്ള കുറ്റവാളികള്‍ക്ക് മൂന്ന്‍ വര്‍ഷം വരെ പരിഷ്കരണ ഭവനങ്ങളില്‍ കഴിയുന്നതാണ് പരമാവധി ശിക്ഷ. 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ ഓടുന്ന നടന്ന കൂട്ടബലാല്‍സംഗത്തിലെ ആറു പ്രതികളില്‍ ഒരാള്‍ക്ക് 18 വയസ്സിന് ആറു മാസം താഴെയായിരുന്നു പ്രായം. ഇതിന് ശേഷമാണ് നിയമത്തിന് നേരെ വിമര്‍ശനം ഉയര്‍ന്നത്.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളെ നിശ്ചയിക്കുന്ന പ്രായപരിധി കുറയ്ക്കണമെന്ന ഹര്‍ജി മുന്‍പ് രണ്ട് തവണ സുപ്രീം കോടതി തള്ളിയിട്ടുണ്ട്. കൊലപാതക കേസിലെ പ്രതിയെ സ്കൂള്‍ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിയായി വിധിച്ച കല്‍ക്കത്ത ഹൈക്കോടതിയുടെ വിധിയ്ക്കെതിരെ സി.ബി.ഐ തിങ്കളാഴ്ച സമര്‍പ്പിച്ച അപ്പീലിലാണ് കോടതി വിഷയം വീണ്ടുമുയര്‍ത്തിയത്.