രണ്ടാം മാറാട് കലാപത്തില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച 22 പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിയ്ക്ക് തീരുമാനിക്കാമെന്ന് കോടതി അറിയിച്ചു. ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് എസ്.ജെ. മുഖോപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്.
പ്രതികള്‍ക്ക് ജാമ്യം നല്കിയാല് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കേരളം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, തിങ്കളാഴ്ച ലീഗ് പ്രവര്‍ത്തകരുള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയെ സംസ്ഥാനം ശക്തമായി എതിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോഴിക്കോട് ജില്ലയിലെ മാറാട് 2003 മേയ് രണ്ടിന് അക്രമികൾ എട്ടുപേരെ കൊലപ്പെടുത്തിയ സംഭവമാണ് രണ്ടാം മാറാട് കലാപം. അക്രമികളില്‍ ഒരാളും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. 2002 ജനുവരി ആദ്യം ഇവിടെ നടന്ന വര്‍ഗ്ഗീയ കലാപത്തിന്റെ പ്രതികാരമായിരുന്നു ആക്രമണം.
കേസിൽ 62 പേര്‍ക്ക് വിചാരണക്കോടതി 2009 ജനുവരി 15-ന് ജീവപര്യന്തം തടവുശിക്ഷ നല്‍കിയിരുന്നു. ഇവരിൽ 22 പേരാണ് ജാമ്യാപേക്ഷ നൽകിയത്. പതിനൊന്നു വർഷമായി തങ്ങൾ ജയിൽവാസം അനുഭവിക്കുകയാണെന്നും മാനുഷിക പരിഗണനവച്ച് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.