Skip to main content
ന്യൂഡല്‍ഹി

 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് വൈദ്യുതി എത്തിക്കാന്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിലൂടെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര ഉന്നതാധികാര സമിതിയുടെ അനുമതി. നിയന്ത്രണങ്ങളോടെ അനുമതി നല്കാമെന്ന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി വ്യക്തമാകി. അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ കേബിള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് തമിഴ്‌നാട് വഹിക്കണമെന്നും വന്യജീവികള്‍ക്ക് ദോഷകരമാകാതെ വേണം പദ്ധതി നടപ്പിലാക്കാനെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് വൈദ്യുതി എത്തിക്കാന്‍ കെ.എസ്.ഇ.ബി വനത്തിലൂടെ സ്ഥാപിച്ച 11കെ.വി ലൈനില്‍ നിന്ന് വന്യജീവികള്‍ക്ക് വൈദ്യുതാഘാതമേറ്റതിനെ തുടര്‍ന്ന് 2001-ല്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നീട്‌ അത്യാവശ്യത്തിനു മാത്രമാണ്‌ വൈദ്യുതി നല്‍കുന്നത്‌. പെരിയാര്‍ വന്യജീവി കടുവ സംഘേതത്തിലൂടെ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ച് വൈദ്യുതിയെത്തിക്കാനുള്ള ബദല്‍ പദ്ധതിക്കാണ് 14 വര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്.

 

25 ഹെക്ടര്‍ വനഭൂമി ഉപയോഗിച്ച് അഞ്ച് കിലോമീറ്റര്‍ നീളത്തിലുള്ള കിടങ്ങുകളിലൂടെ കേബിളുകള്‍ സ്ഥാപിക്കാം. കേബിള്‍ കടന്നുപോകുന്ന വഴിയില്‍ യൂക്കാലി മരങ്ങള്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ പ്രധാന മരങ്ങള്‍ വെട്ടിമാറ്റേണ്ടി വരില്ല. കേബിള്‍ സ്ഥാപിക്കുന്നതിനായി 2011-ല്‍ വന്യജീവി ബോര്‍ഡ് മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പ്രകാരമേ പ്രവര്‍ത്തനം തുടങ്ങാവൂ. രാവിലെ അഞ്ചുമണി മുതല്‍ എട്ടുമണി വരെയാണ് വനത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. ശബ്ദമുണ്ടാക്കുന്ന യന്ത്രങ്ങള്‍ ഉപയോഗിക്കരുത്.

 

ഭൂഗര്‍ഭ കേബിള്‍ സ്‌ഥാപിക്കുന്നത്‌ വൈദ്യുതി നല്‍കുന്ന പതിവ്‌ തുടരണം. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കണം. വൈദ്യുതി നല്‍കുന്നത്‌ ക്യാമ്പ്‌ ഓഫീസ്‌ പോലെ അവശ്യംവേണ്ട കാര്യങ്ങള്‍ക്കാണെന്ന്‌ ഉറപ്പ്‌ വരുത്തണം. പദ്ധതി മൂലം നഷ്‌ടമാകുന്ന വനത്തിന്‌ പകരം മരം വെച്ച്‌ പിടിപ്പിക്കാനുള്ള തുക വകയിരുത്തേണ്ടതാണ്‌. പദ്ധതിക്കായി 93 ലക്ഷം രൂപ തമിഴ്‌നാട് ഇതിനകം വകയിരുത്തിയിട്ടുണ്ട്. വന്യജീവികള്‍ക്ക് ദോഷമുണ്ടാക്കാത്തതിനാല്‍ കെ.എസ്.ഇ.ബിയുടെ അപേക്ഷയ്ക്ക് അനുമതി നല്‍കാമെന്നാണ് കേന്ദ്ര ഉന്നതാധികാര സമിതി സുപ്രീം കോടതിക്ക് നല്‍കിയിരിക്കുന്ന ശുപാര്‍ശ. ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയ്ക്ക് സുപ്രീം കോടതിയുടെ ഫോറസ്റ്റ് ബഞ്ച് ഉടന്‍ അന്തിമ അംഗീകാരം നല്‍കും.

Tags