രണ്ടാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സംഘര്‍ഷ സാദ്ധ്യതയുണ്ടെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മാറാട് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലം.
കേസില്‍ 63 പേരാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ഇവരില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടുള്ള 22 പേരാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. വരുന്ന 14-ന് കേസ് പരിഗണിക്കുന്നതിന് മുമ്പായിട്ടാണ് ഇക്കാര്യത്തില്‍ കേരളത്തിന്റെ അഭിപ്രായം കോടതി തേടിയത്. ജസ്റ്റിസ് എസ്.ജെ മുഖോപാധ്യായയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
രണ്ടാം മാറാട് കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ജയിലിലുള്ള മറ്റു പ്രതികളും ജാമ്യത്തിനായി കോടതിയെ സമീപിക്കും. എല്ലാവര്ക്കും ജാമ്യം നല്കിയാല് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇനി പ്രതികൾക്ക് ജാമ്യം അനുവദിക്കുകയാണെങ്കിൽ കോഴിക്കോട് ജില്ലയിൽ കടക്കരുത് എന്നതടക്കമുള്ള കർശന വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.