ബാംഗ്ളൂര്‍ സ്ഫോടന കേസില്‍ അറസ്റ്റിലായ പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതി സോപാധിക ജാമ്യം അനുവദിച്ചു. ഒരു മാസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നല്കാതിരിക്കാന് കര്‍ണാടക സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ വാദങ്ങളും തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജെ. ചലമേശ്വര്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങുന്ന ബെഞ്ച് ജാമ്യം അനുവദിച്ചത്.
2010 ആഗസ്റ്റ് 17-നാണ് സ്ഫോടന കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കര്‍ണാടക പൊലീസ് മദനിയെ അറസ്റ്റ് ചെയ്തത്. വിചാരണ തടവുകാരനായി മൂന്നര വര്‍ഷത്തിലധികമായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു മദനി. വിചാരണ നീളുന്നതും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മദനിയെ കേരളത്തില്‍ വരുന്നതില്‍ നിന്നും വിലക്കിക്കൊണ്ടാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പ്രമേഹ രോഗിയായ മദനിക്ക് സ്വന്തം നിലയ്ക്ക് ചികിത്സ തേടുന്നതിനാണ് ജാമ്യം. ബാംഗ്ലൂരില്‍ എവിടെ സഞ്ചരിക്കുന്നതിനും വിലക്കില്ല. മദനി എവിടെപ്പോയാലും നിരീക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. അതേസമയം മദനിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ കോടതി കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്കി.
രാവിലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ മദനിക്ക് ജാമ്യം നല്കിയാല് എന്താണ് സംഭവിക്കുകയെന്ന് സുപ്രീം കോടതി ചോദിച്ചു. കേസിന്റെ പ്രാധാന്യം നോക്കിയല്ല, മദനിയുടെ ആരോഗ്യനില പരിഗണിച്ചാണ് ജാമ്യം നല്‍കിക്കൂടെയെന്ന് ചോദിക്കുന്നതെന്നും കോടതി പറഞ്ഞു.
എന്നാല്‍ മദനിയുടെ ജാമ്യാപേക്ഷയെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ചികിത്സയ്ക്കായി കേരളത്തില്‍ പോയാല്‍ മദനി മടങ്ങി വരുമെന്ന് ഉറപ്പില്ലെന്നും കര്‍ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു. കോടതി നിര്‍ദ്ദേശിച്ചിട്ടും തനിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും സ്വന്തം ചെലവില്‍ ചികിത്സ നടത്താന്‍ ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മദനി കോടതിയെ സമീപിച്ചത്.