Skip to main content

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ സ്റ്റീല്‍ കമ്പനി പോസ്കോ ഒഡിഷയിലെ ഖനന പദ്ധതിക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി. ഇരുമ്പയിര്‌ ഖനനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സ് റദ്ദാക്കിയ ഒഡിഷ ഹൈക്കോടതി നടപടി സ്റ്റേ ചെയ്ത സുപ്രീം കോടതി ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാറിന് വിട്ടു.

 

ഒഡിഷയിലെ കാന്ദഹാര്‍ കുന്നുകളില്‍ ഖനനത്തിന് 2009ലാണ് പോസ്കൊക്ക് സംസ്ഥാനം അനുമതി നല്‍കിയത്. പിറ്റേ വര്‍ഷം ഹൈക്കോടതി ഇത് റദ്ദാക്കി. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വിധി. പദ്ധതിക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകളും പരിഗണിച്ച് തീരുമാനമെടുക്കാന് ജസ്റ്റിസ് സുധാംശു ജ്യോതി മുഖോപാധ്യായ  കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.

 

2005 ജൂണിലാണ് കിഴക്കന്‍ ഒഡിഷയില്‍ 65,000 കോടി രൂപയുടെ പദ്ധതിയുമായി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സ്റ്റീല്‍ ഉല്‍പ്പാദകരായ പോസ്കോ മുന്നോട്ടുവന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രാദേശികമായ എതിര്‍പ്പും കാരണം പദ്ധതി വൈകുകയായിരുന്നു. തുടര്‍ന്ന് തങ്ങളുടെ ഭൂമി ആവശ്യകത നേരത്തെയുള്ള 4,000 ഏക്കറില്‍ നിന്ന് 2,700 ഏക്കറായി കമ്പനി കുറച്ചു. ആദ്യഘട്ടത്തിലെ ഉല്‍പ്പാദന ശേഷി 12 ദശലക്ഷം ടണ്ണില്‍ നിന്ന് എട്ടു ദശലക്ഷം ടണ്ണായി കുറക്കുകയും ചെയ്തു. 600 ദശലക്ഷം ടണ്ണിന്റെ ഇരുമ്പയിര്‍ ശേഖരം കാന്ദഹാര്‍ ഖനികളില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രത്യക്ഷ വിദേശ നിക്ഷേപ പദ്ധതിയാണിത്.

Tags