Skip to main content
ന്യൂഡല്‍ഹി

supreme court

 

അസംസ്തൃപ്തരായ ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എതിരെ സ്ത്രീധന നിരോധന നിയമം ദുരുപയോഗിക്കുന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പരാതികള്‍ ലഭിച്ചാല്‍ ഉടന്‍ ഭര്‍ത്താക്കന്‍മാരെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനും അങ്ങനെ ചെയ്യുകയാണെങ്കില്‍ മതിയായ കാരണം നല്‍കണമെന്നും പോലീസിന് നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.  

 

ആദ്യം അറസ്റ്റ്, പിന്നെ നടപടിക്രമങ്ങള്‍ എന്ന രീതി ജുഗുപ്സാവഹമാണെന്നും ഇത് നിയന്ത്രിക്കേണ്ടതാണെന്നും ജസ്റ്റിസ്‌ സി.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ബഞ്ച് അഭിപ്രായപ്പെട്ടു. സ്ത്രീധന പീഡനം അടക്കം ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന എല്ലാ കുറ്റങ്ങളിലും പരാതി ലഭിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്നതിന്റെ കാരണങ്ങള്‍ മജിസ്ട്രേറ്റിന് മുന്നില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

 

ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന്‍ സ്ത്രീയെ പീഡിപ്പിക്കുന്നത് തടയാന്‍ കൊണ്ടുവന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498-എ വകുപ്പ് അനുസരിച്ച് ജാമ്യം ലഭിക്കില്ല. ഇത് അസംസ്തൃപ്തരായ ഭാര്യമാര്‍ പരിച എന്നതിനേക്കാള്‍ ആയുധം എന്ന നിലയില്‍ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു എന്ന്‍ കോടതി നിരീക്ഷിച്ചു. 2012-ല്‍ ഈ വകുപ്പ് അനുസരിച്ച് 1,97,762 പേരെ അറസ്റ്റ് ചെയ്തതില്‍ നാലിലൊന്നും സ്ത്രീകള്‍ ആണെന്നത് ഭര്‍ത്താവിന്റെ അമ്മയേയും സഹോദരിമാരെയും വ്യാപകമായി അറസ്റ്റ് ചെയുന്നതിന്റെ തെളിവാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 

ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ആറു ശതമാനം വരും ഇതെന്നും ആകെ കുറ്റകൃത്യങ്ങളില്‍ 4.5 ശതമാനവും ഈ വകുപ്പനുസരിച്ചുള്ളതാണെന്നും കോടതി വ്യക്തമാക്കി. മോഷണവും പരിക്കേല്‍പ്പിക്കലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനം സ്ത്രീധന പീഡനത്തിനാണ്. കേസുകളില്‍ 93.6 ശതമാനം എണ്ണത്തിലും കുറ്റപത്രം സമര്‍പ്പിക്കുന്നുണ്ടെങ്കിലും കുറ്റം തെളിയുന്നത് 15 ശതമാനം എണ്ണത്തില്‍ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 

സ്വാതന്ത്ര്യത്തിന് ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷവും രാജ്യത്തെ പോലീസ് സേന കൊളോണിയല്‍ പ്രതിച്ഛായയില്‍ നിന്ന്‍ പുറത്തുവന്നിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. പൊതുജനത്തിന്റെ സുഹൃത്ത് ആയിട്ടല്ല പീഡനത്തിനും അടിച്ചമര്‍ത്തലിനും ഉള്ള ഉപകരണമായിട്ടാണ് പോലീസ് പരിഗണിക്കപ്പെടുന്നതെന്നും കോടതി പറഞ്ഞു. അറസ്റ്റ് ചെയ്യാനുള്ള അധികാരം ജാഗ്രതയോടെ വിനിയോഗിക്കണമെന്ന് കോടതി പലതവണ ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും അഭിലഷണീയ ഫലങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

Tags