ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയെന്ന് നിരീക്ഷിച്ച കോടതി യജമാനന്റെ ശബ്ദത്തില്‍ സംസാരിക്കുന്ന കൂട്ടിലടക്കപ്പെട്ട തത്തയെപ്പോലെയാണ് സി.ബി.ഐ എന്ന് വിശേഷിപ്പിച്ചു.
ബാഹ്യസമ്മര്‍ദ്ദങ്ങളില്‍ നിന്ന് സി.ബി.ഐയെ സ്വതന്ത്രമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട കോടതി സി.ബി.ഐയെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍ ഇടപെടുമെന്ന് മുന്നറിയിപ്പ് നല്‍കി. നിയമമന്ത്രി അശ്വനി കുമാറിന് സി.ബി.ഐ. റിപ്പോര്‍ട്ട് ആവശ്യപ്പെടാം. എന്നാല്‍ അന്വഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. പ്രധാനമന്ത്രി കാര്യാലത്തിലേയും കല്‍ക്കരി മന്ത്രാലയത്തിലേയും ജോയന്റ് സെക്രട്ടറിമാര്‍ എന്തടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പരിശോധിച്ചതെന്ന് കോടതി ചോദിച്ചു.
അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് നേരത്തെ കോടതിയില്‍ പറഞ്ഞ അറ്റോര്‍ണി ജനറല്‍ ഗുലാം വാഹന്‍വതിയേയും റിപ്പോര്‍ട്ട് സര്‍ക്കാരിലെ ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് പറഞ്ഞ രാജിവച്ച അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഹരിന്‍ രവിലിനെയും കോടതി വിമര്‍ശിച്ചു. നിയമമന്ത്രിയുടെ ആവശ്യപ്രകാരമാണ് സി.ബി.ഐ. ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ താന്‍ പങ്കെടുത്തതെന്ന് അറ്റോര്‍ണി ജനറല്‍ ഗുലാം വാഹന്‍വതി പറഞ്ഞു. താന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ തനിക്ക് റിപ്പോര്‍ട്ട് ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് വാഹന്‍വതി കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടില്‍ വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിക്കുകയായിരുന്നു കോടതി. ഒമ്പത് പേജുള്ള സത്യവാങ്മൂലത്തില്‍ നിയമമന്ത്രിയും ഉന്നതോദ്യോഗസ്ഥരും നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വിശദീകരിച്ചിരുന്നു.