Skip to main content
തിരുവനന്തപുരം

chandy ans salim raj

 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പിന്റെ കേസന്വേഷണത്തില്‍ സി.ബി.ഐയ്ക്ക് സഹായം ഉറപ്പ് നല്‍കി മുഖ്യമന്ത്രി സി.ബി.ഐ ജോയന്റ് ഡയറക്ടര്‍ക്ക് വെള്ളിയാഴ്ച കത്തയച്ചു. അന്വേഷണസംഘം ആവശ്യപ്പെട്ട സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇനിയും ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും കത്തില്‍ പറയുന്നു.

 

തിരുവനന്തപുരത്ത് കടകംപള്ളിയിലും ഏറണാകുളത്ത് കളമശ്ശേരിയിലും സലിം രാജ് നടത്തിയതായി ആരോപിക്കപ്പെടുന്ന ഭൂമി തട്ടിപ്പുകളുടെ അന്വേഷണം ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സി.ബി.ഐ ഏറ്റെടുത്തത്. ഇതില്‍ കടകംപള്ളി തട്ടിപ്പ് കേസില്‍ സലിം രാജിനെ സി.ബി.ഐ പ്രതി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, കേസന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് പരാതിപ്പെട്ടു ഹൈക്കോടതിയില്‍ ജൂണ്‍ 20-നു സി.ബി.ഐ ഹര്‍ജി നല്‍കിയിരുന്നു.

 

ഇന്നലെ ഈ വിഷയം നിയമസഭയില്‍ വന്നപ്പോള്‍ സി.ബി.ഐ പ്രസ്തുത ഹര്‍ജി പിന്‍വലിച്ചതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഹര്‍ജി പിന്‍വലിച്ചതല്ലെന്നും ഹര്‍ജിയിലെ തെറ്റ് തിരുത്താനായി ഹൈക്കോടതി രജിസ്ട്രിയില്‍ നിന്ന്‍ തിരികെ എടുത്തതാണെന്നും പിന്നീട് സി.ബി.ഐ അഭിഭാഷകന്‍ വിശദീകരിച്ചു. ഇതിന്റെ പിന്നാലെയാണ് മുഖ്യമന്ത്രി സി.ബി.ഐ ജോയന്റ് ഡയറക്ടര്‍ക്ക് കത്തയച്ചത്.    

 

ഹൈക്കോടതി നിര്‍ദ്ദേശിച്ച സമയപരിധിയ്ക്കകം അന്വേഷണം പൂര്‍ത്തിയാകണമെങ്കില്‍ അന്വേഷണത്തിന് വേണ്ട സഹകരണം ലഭ്യമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന്‍ ഹര്‍ജിയില്‍ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ഒന്‍പത് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് മാര്‍ച്ച് 28-നു ഹൈക്കോടതി കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്.

Tags