ന്യൂഡല്‍ഹി: അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വനി കുമാറിന് പരിശോധനക്ക് നല്കിയ സി.ബി.ഐയുടെ നടപടിയെ സുപ്രീം കോടതി ചൊവാഴ്ച നിശിതമായി വിമര്‍ശിച്ചു. കല്‍ക്കരിപ്പാടം അഴിമതിയില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനിരുന്ന റിപ്പോര്‍ട്ട് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്കിയ നടപടി സി.ബി.ഐയിലുള്ള വിശ്വാസത്തെ ശോഷിപ്പിച്ചതായി കോടതി പറഞ്ഞു. നടപടി അസാധാരണം എന്ന് വിശേഷിപ്പിച്ച കോടതി കേസില്‍ ഏജന്‍സിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
സി.ബി.ഐയെ രാഷ്ട്രീയ ഇടപ്പെടലില്‍ നിന്ന് മോചിപ്പിക്കാനായിരിക്കും തങ്ങളുടെ ആദ്യശ്രമമെന്ന് ജസ്റ്റിസ് ആര്.എം. ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു. സി.ബി.ഐ. രാഷ്ട്രീയ അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്റെ നടപടി അന്വേഷണ പ്രക്രിയയെ ഉലച്ചതായി കോടതി പറഞ്ഞു.
മെയ് ആറിന് ‘കൃത്യവും സത്യസന്ധവുമായ’ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസിലെ മാര്‍ച്ച് എട്ടിലെ തത്സ്ഥിതി റിപ്പോര്‍ട്ട് രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവികള്‍ക്ക് നല്‍കിയത്, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവെല്‍ മാര്‍ച്ച് 12ന് റിപ്പോര്‍ട്ട് ആര്‍ക്കും പരിശോധനക്ക് നല്‍കിയിട്ടില്ല എന്ന് സുപ്രീം കോടതിയില്‍ പറഞ്ഞത്, ഏപ്രില്‍ 26ന് സി.ബി.ഐ. ഡയറക്ടര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിശോധിച്ചതായി സമ്മതിച്ചെങ്കിലും എന്തൊക്കെ മാറ്റങ്ങള്‍, ആരുടെയൊക്കെ നിര്‍ദ്ദേശപ്രകാരം വരുത്തി എന്നിവ എന്തുകൊണ്ട് സത്യവാങ്ങ്മൂലത്തില്‍ ചേര്‍ത്തില്ല, സി.ബി.ഐ നിയമാവലികള്‍ അനുസരിച്ച് നടപ്പിലുള്ള അന്വേഷണങ്ങളില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍, കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേട് അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, എന്നിവ പുതിയ സത്യവാങ്ങ്മൂലത്തില്‍ വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.