Skip to main content
ന്യൂഡല്‍ഹി

 

ഇന്ത്യാക്കാരുടെ വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം തിരികെ എത്തിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് ഒരാഴ്ചത്തെ സമയം നല്‍കി. ജസ്റ്റിസ് ബി.എസ്.ചൗഹാന്‍, എ.കെ.സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. വിരമിച്ച രണ്ട് സുപ്രീം കോടതി ജഡ്ജിമാരുടെ മേല്‍നോട്ടത്തിലായിരിക്കും സംഘം പ്രവര്‍ത്തിക്കുക.

 

ലഭ്യമാകുന്ന രേഖകളെല്ലാം അതീവരഹസ്യമായി സൂക്ഷിക്കാനും റവന്യൂ സെക്രട്ടറിയോട് കോടതി നിര്‍ദ്ദേശിച്ചു. എല്‍.ജി.ടി ബാങ്ക്,​ ലിച്ചെന്‍സ്റ്റെയിന്‍ ബാങ്ക് എന്നിവിടങ്ങളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ മുഴുവന്‍ പട്ടികയും അതുമായി ബന്ധപ്പെട്ട രേഖകളും ശേഖരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

 

കള്ളപ്പണ നിക്ഷേപം തിരിച്ചു കൊണ്ടുവരുന്നതിന് മുൻ ജഡ്ജി എം.ബി.ഷായുടെ മേൽനോട്ടത്തിൽ അന്വേഷണ സംഘത്തെ നിയോഗിക്കാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ മറ്റൊരു ബെ‌ഞ്ചിൽ ഹർജി നൽകി. എന്നാൽ മറ്റൊരു ബെ‌ഞ്ചിന്റെ വിധിയിൽ ഇടപെടാനാവില്ലെന്ന് ജസ്റ്റീസ് ജസ്റ്റീസുമാരായ ബി.എസ്.ചൗഹാൻ,​ എ.കെ.സിക്രി എന്നിവർ വ്യക്തമാക്കി.

Tags