മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന്‍ 142 അടിയായി ഉയര്‍ത്തുന്നത് തടഞ്ഞ് കേരളം 2006-ല്‍ പാസ്സാക്കിയ നിയമം സുപ്രീം കോടതി റദ്ദാക്കി. നിയമത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബുധനാഴ്ച ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ അഞ്ചംഗ ബഞ്ചിന്റെ വിധി. കേരളത്തിന്റെ നിയമം ഭരണഘടനാപരമല്ലെന്നും ജലനിരപ്പ് 142 അടിയാക്കാമെന്നും കോടതി ഉത്തരവിട്ടു.
പുതിയ അണക്കെട്ട് പണിയാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളി. അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ മൂന്നംഗ സമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ ആയിരിക്കും സമിതി അധ്യക്ഷന്‍.
വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ ആചരിക്കാന്‍ മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി ആഹ്വാനം നല്‍കി. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് അടുത്ത നടപടികള്‍ തീരുമാനിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് പ്രതികരിച്ചു.
ജലനിരപ്പ് 142 അടിയാക്കാന്‍ സുപ്രീം കോടതി തമിഴ്‌നാടിന് അനുവാദം നല്‍കി ഏതാനും ദിവസങ്ങള്‍ക്കകമാണ് കേരളം നിയമം പാസ്സാക്കിയത്. തമിഴ്‌നാടിന്റെ ഹര്‍ജിയില്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.എസ് ആനന്ദ് നേതൃത്വത്തില്‍ ഒരു സമിതിയെ കോടതി നിയോഗിച്ചിരുന്നു. സമിതി 2012 ഏപ്രിലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിധി.