സംസ്ഥാനത്തെ ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ ബാറുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ നാലിലേക്ക് മാറ്റി. ഹര്‍ജിയിലേത് അടിയന്തര പ്രാധാന്യത്തോടെ കേള്‍ക്കേണ്ട വിഷയമല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എ.കെ പട്‌നായിക്കിന്റെ നേതൃത്വതിലുള്ള ബഞ്ച് ഹര്‍ജി മാറ്റിയത്.
ബാര്‍ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചുവെന്നും മതിയായ രേഖയുണ്ടായിട്ടും ലൈസന്‍സ് നല്‍കുന്നില്ലെന്നും ആരോപിച്ചാണ് ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളുടെ ഉടമകളടക്കമുള്ളവര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കിനല്‍കേണ്ടന്ന ഏപ്രില്‍ രണ്ടിലെ സര്‍ക്കാര്‍ തീരുമാനമാണ് ഉടമകള്‍ ചോദ്യം ചെയ്യുന്നത്.
ഇതോടെ ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ രാഷ്ട്രീയ തീരുമാനം അനിവാര്യമാകുന്ന സ്ഥിതി സംജാതമാകുകയാണ്. വിഷയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രണ്ട് തട്ടിലാണ്. ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന്‍ സുധീരനും നിബന്ധനകള്‍ക്ക് വിധേയമായി താല്‍ക്കാലികമായി പുതുക്കാമെന്ന്‍ മുഖ്യമന്ത്രിയും നിലപാടെടുത്തിരിക്കുകയാണ്. മേയ് 20-ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമെടുക്കാനും അതുവരെ ചര്‍ച്ചകള്‍ തുടരാനുമാണ് ഇപ്പോഴുള്ള ധാരണ.