ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുന്നതിന് മുന്‍പ് സി.ബി.ഐ സര്‍ക്കാറിന്റെ അനുമതി നേടിയിരിക്കണമെന്ന നിബന്ധന സുപ്രീം കോടതി എടുത്തുകളഞ്ഞു. സി.ബി.ഐയുടെ സ്ഥാപനവും പ്രവര്‍ത്തന മേഖലകളും നിഷ്കര്‍ഷിക്കുന്ന ഡല്‍ഹി സ്പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ ഈ നിബന്ധന ഉള്‍ക്കൊള്ളുന്ന വകുപ്പ് 6-എ ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി ബഞ്ച് ചൊവ്വാഴ്ച വിധിച്ചു.
അഴിമതി രാജ്യത്തിന്റെ ശത്രുവാണെന്ന്‍ വിധി പ്രഖ്യാപിച്ചു കൊണ്ട് സുപ്രീം കോടതി പറഞ്ഞു. ഇതില്‍ ഉദ്യോഗസ്ഥരെ മുതിര്‍ന്നവരെന്നും താഴ്ന്നവരെന്നും വേര്‍തിരിക്കാന്‍ ആകില്ലെന്നും അഴിമതി നടത്തുന്ന ഒരു കൂട്ടരെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജോയന്റ് സെക്രട്ടറി തലം മുതലുള്ള കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഈ നിബന്ധന പ്രകാരം സംരക്ഷണം ഉണ്ടായിരുന്നത്.
ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരെ അന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കുന്ന ചട്ടങ്ങള്‍ 2003-ല്‍ ഭരണപരമായ ഉത്തരവിലൂടെയാണ് ആദ്യം കൊണ്ടുവന്നത്. ഇത് ഭരണഘടനാവിരുദ്ധമാണെന്ന് കോടതി വിധിച്ചതോടെ സി.ബി.ഐ നിയമം ഭേദഗതി ചെയ്ത് ഇതേ നിബന്ധന വീണ്ടും പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീം കോടതി തള്ളിയിരിക്കുന്നത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും സന്നദ്ധസംഘടനയായ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനുമാണ് ഹര്‍ജി നല്‍കിയിരുന്നത്.