ബലാസംഗത്തിന് ഇരയായവരുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരാതിക്കാരിയെ അടുത്തുള്ള മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന്റേയോ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റേയോ സമീപത്തെത്തിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ക്രിമിനല്‍ നടപടി ക്രമത്തിലെ 164ാം വകുപ്പ് അനുസരിച്ചുള്ള മൊഴി സാധിക്കുന്നിടത്തോളം വനിതാ മജിസ്ട്രേറ്റിനെക്കൊണ്ട് രേഖപ്പെടുത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കര്‍ണാടകത്തില്‍ നിന്നുള്ള ഒരു ബലാല്‍സംഗ കേസ് പരിഗണിക്കവേ ആണ് ജസ്റ്റിസ് ഗ്യാന്‍ സുധാ മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് ഈ നിര്‍ദ്ദേശം നല്‍കിയത്. സുപ്രീം കോടതിയിലെ രണ്ട് വനിതാ ജഡ്ജിമാരില്‍ ഒരാളായിരുന്ന ജസ്റ്റിസ് മിശ്ര ഈ സുപ്രധാനമായ ഉത്തരവോടെ സര്‍വീസില്‍ നിന്ന്‍ ഏപ്രില്‍ 27-ന് വിരമിച്ചു. ജസ്റ്റിസ് വി. ഗോപാല്‍ ഗൌഡയായിരുന്നു ബെഞ്ചിലെ സഹ ജഡ്ജി.
ബലാല്‍സംഗ കേസുകളില്‍ നടപടിക്രമങ്ങള്‍ വൈകുന്നതിന് ഒരളവു വരെ പരിഹാരമാകുന്നതാണ് നിര്‍ദ്ദേശം. 164ാം വകുപ്പ് അനുസരിച്ച് നല്‍കിയ മൊഴി തിരുത്തുന്നത് ക്രിമിനല്‍ നടപടിയ്ക്ക് കാരണമാകുമെന്നത് ഇരയ്ക്ക് സമ്മര്‍ദ്ദങ്ങളില്‍ നിന്ന്‍ സംരക്ഷണം നല്‍കാനും സഹായകമായിരിക്കും.
മൊഴിയുടെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശിക്കുന്നു. എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ മൊഴിയിലെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്ത് വിടരുത്. മജിസ്ട്രേറ്റിന് സമീപം പരാതിക്കാരിയെ എത്തിക്കുന്നതില്‍ 24 മണിക്കൂറില്‍ കൂടുതല്‍ എടുത്താല്‍ അതിന്റെ കാരണം അന്വേഷണ ഉദ്യോഗസ്ഥര്‍ മജിസ്ട്രേറ്റിനെ ബോധിപ്പിക്കുകയും വേണം.
ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാനങ്ങളിലേയും പോലീസ് ഡയറക്ടര്‍ ജനറല്‍മാര്‍ക്ക് അയച്ചുകൊടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.