കണ്ണൂരിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനത്തിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കേസില്‍ പ്രതികളായ രണ്ട് സി.പി.ഐ.എം എം.എല്‍.എമാര്‍ക്ക് പോലീസ് നോട്ടീസ് അയച്ചു. തിങ്കളാഴ്ച വൈകുന്നേരത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് ഡിവൈ.എസ്.പിയ്ക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പയ്യന്നൂർ എം.എൽ.എ സി. കൃഷ്ണന്‍, ധർമടം എം.എൽ.എ കെ.കെ നാരായണന്‍ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
കേസില്‍ വൈകാതെ കുറ്റപത്രം നല്‍കുമെന്നും പോലീസ് അറിയിച്ചു. എം.എല്‍.എമാര്‍ ഉള്‍പ്പടെ 114 പ്രതികളാണ് കേസിലുള്ളത്. അറസ്റ്റു ചെയ്ത നൂറോളം പ്രതികളെ കോടതി ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.
കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാന പൊലീസ് കായികമേളയുടെ സമാപന ചടങ്ങിനെത്തിയപ്പോഴാണ് സോളാര്‍ തട്ടിപ്പില്‍ പ്രതിഷേധിക്കാനെത്തിയവരുടെ ഇടയില്‍ നിന്ന്‍ മുഖ്യമന്ത്രിയുടെ കാറിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ കാറിന്റെ ചില്ലു തകരുകയും മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചിലും പരിക്ക് പറ്റുകയും ചെയ്തിരുന്നു.