സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രാജേന്ദ്ര മാല് ലോധ സ്ഥാനമേറ്റു. ഞായറാഴ്ച കാലത്ത് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് ഇന്ത്യയുടെ 41-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ലോധ അധികാരമേറ്റത്. ചീഫ് ജസ്റ്റിസായിരുന്ന പി. സദാശിവം ഇന്നലെ വിരമിച്ചിരുന്നു.
സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ആര്.എം ലോധ അഞ്ച് മാസമായിരിക്കും ചീഫ് ജസ്റ്റിസ് സ്ഥാനം വഹിക്കുക. 64-കാരനായ അദ്ദേഹം സെപ്തംബര്‍ 27-ന് സര്‍വീസില്‍ നിന്ന് വിരമിക്കും.
കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സുപ്രീം കോടതി ബഞ്ചിന്റെ തലവനാണ് ജസ്റ്റിസ് ലോധ. മുന്‍ സുപ്രീം കോടതി ജഡ്ജി എ.കെ ഗാംഗുലിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണ പരാതി പരിശോധിച്ച സുപ്രീം കോടതി ജഡ്ജിമാരുടെ പാനലിന് നേതൃത്വം നല്കിയതും ഇദ്ദേഹമാണ്.
സുപ്രധാനമായ ചില വിധികളിലൂടെയും ഇദ്ദേഹം ജസ്റ്റിസ് ലോധ ശ്രദ്ധേയനായിട്ടുണ്ട്. ആസിഡ് ആക്രമണങ്ങള്‍ തടയുന്നതിന് ആസിഡിന്റെ കൗണ്ടര്‍ വില്‍പ്പന നിരോധിക്കുകയും ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ക്ക് നഷ്ടപരിഹാരത്തിന് ഉത്തരവിടുകയും ചെയ്ത വിധിയാണ് ഇതിലൊന്ന്. സൈനികര്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് വോട്ടു ചെയ്യാന്‍ അനുമതി നല്കിയതും മറ്റൊരു സുപ്രധാന വിധിയാണ്. ജനനത്തിയതി വിവാദത്തില്‍ സൈനിക മേധാവിയായിരുന്ന വി.കെ സിങ്ങിന്റെ ഹര്‍ജി തള്ളിയതും ലോധ ഉള്‍പ്പെടുന്ന ബെഞ്ചാണ്.
1949 സെപ്തംബര്‍ 28-ന് രാജസ്ഥാനിലെ ജോധ്പൂരില്‍ ജനിച്ച ലോധ 1973 ഫെബ്രുവരിയില്‍ രാജസ്ഥാന് ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി ചേര്‍ന്നു. 1994 ജനുവരി 31-ന് രാജസ്ഥാന് ഹൈക്കോടതിയില്‍ ജഡ്ജിയായ നിയമിതനായ പിന്നീട് 13 കൊല്ലം ബോംബെ ഹൈക്കോടതിയില്‍ സേവനം അനുഷ്ഠിച്ചു. 2007-ല്‍ വീണ്ടും രാജസ്ഥാന് ഹൈക്കോടതിയില്‍ നിയമിതനായ അദ്ദേഹം സംസ്ഥാന ജുഡീഷ്യല്‍ അക്കാദമിയുടെ ചെയര്‍മാനായിരുന്നു.
2008 മെയ് 13-ന് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റ അദ്ദേഹം 2008 ഡിസംബര്‍ 17-ന് സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. ദേശീയ നിയമ സേവന അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.