സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് പുതിയ മാര്‍ഗരേഖ കൊണ്ടുവരുമെന്ന് സുപ്രീം കോടതി. രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ സഹിതമുള്ള പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ലാത്തതിനാല്‍ പുതിയ മാര്‍ഗരേഖ തയാറാക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. മൂന്നുമാസത്തിനകം മാര്‍ഗരേഖ തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍.ആര്‍ മാധവമേനോന്‍, പി.കെ വിശ്വനാഥന്‍, അഡ്വ രഞ്ജിത് കുമാര്‍ എന്നിവടങ്ങിയ സമിതിയോട് കോടതി നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് കാലത്തും നേതാക്കളുടെ പിറന്നാള്‍ വേളയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് പി.സദാശിവന്‍ അധ്യക്ഷനായ ബഞ്ചിന്റെ വിധി. രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഫണ്ട് പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ വിദേശ രാജ്യങ്ങളിലെ മാതൃക സ്വീകരിക്കാമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്ന് നേതാക്കളുടെ ചിത്രം ഒഴിവാക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇത് ഭരണഘടനയുടെ 14ാം വകുപ്പിന്‍റെ ലംഘനമാണെന്ന് കോടതി വിലയിരുത്തി.