എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് മാടമ്പി സ്വഭാവമാണുള്ളതെന്ന വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കാര്യം നേടാന്‍ ഒരു നയവും പിന്നീട് മറ്റൊരു നയവും സ്വീകരിക്കുന്നത് നല്ല സംസ്‌കാരമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കുറച്ചു ദിവസങ്ങളായി സുകുമാരന്‍ നായര്‍ക്കെതിരെ വെള്ളാപ്പള്ളി രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടിക്കായി ആവശ്യം ഉയര്‍ന്നാല്‍ വേണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് അത്തരമൊരു വികാരമുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ഭൂരിപക്ഷ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചത് സുകുമാരന്‍ നായരാണെന്നും എന്‍.എസ്.എസ് തള്ളിപ്പറഞ്ഞെന്നു കരുതി ഭൂരിപക്ഷ ഐക്യം തകരില്ലെന്നും സ്വന്തം കാര്യം കഴിഞ്ഞപ്പോള്‍ സുകുമാരന്‍ നായര്‍ കാലുമാറുകയായിരുന്നു എന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
രാഷ്ട്രീയക്കാര്‍ ഈഴവ സമുദായത്തിന്‍റെ ശക്തി തിരിച്ചറിയുന്നതിനു വേണ്ടി രാഷ്ട്രീയ അധികാരം നേടും. അധികാരത്തില്‍ വരുന്ന ഇരു മുന്നണികളും ഈഴവ സമുദായത്തെ കബളിപ്പിക്കുകയാണെന്നും രാഷ്ട്രീയ അധികാരം ഉറപ്പാക്കാന്‍ വേണ്ടിവന്നാല്‍ ഏതറ്റം വരെയും പോകുമെന്നും ഈഴവ മഹാസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കവെ വെള്ളാപ്പള്ളി അറിയിച്ചിരുന്നു. ഏതാനും നാളുകളായുള്ള വെള്ളാപ്പളളിയുടെ പ്രസ്താവനകള്‍ ബന്ധം വഷളാവുന്നതിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു